Kerala

അത്യാധുനിക മെഡിക്കൽ ആംബുലൻസ് ബോട്ട് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

കൊച്ചി: രാജ്യത്തെ ആദ്യ ഹരിത ബോട്ട് ആംബുലൻസ് കം മെഡിക്കൽ ഡിസ്പപന്‍സറി ഇന്ന് (18/05/25 ) ഉച്ചയ്ക്ക് 12.30 ന് വ്യവസായ – നിയമകാര്യമന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. പിഴല പ്രാഥമികാരോഗ്യം കേന്ദ്രത്തിനു സമീപം ഉച്ചയ്ക്ക് 12ന് നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലകളക്ടർ എൻ.എസ്.കെ. ഉമേഷ് , ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി എന്നിവർ മുഖ്യാതിഥികളാകും. യുണീഫീഡർ മേഖല ഡയറക്ടർ സി.എം. മുരളീധരൻ താക്കോൽ കൈമാറും. പ്ലാൻ അറ്റ് എർത്തിലെ മുബീബ് മുഹമ്മദ് പദ്ധതി അവതരിപ്പിക്കും.

സിനിമ താരം ശ്രിന്ദ ഉപഹാര സമർപ്പണം നടത്തും. കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് സ്വാഗതം പറയുന്ന ചടങ്ങിൽ ബ്ലോക്,ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ വകുപ്പ്,ദേശീയാരോഗ്യ ദൗത്യം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കൊച്ചി ആസ്ഥാനമായുള്ള യൂണിഫീഡര്‍ എന്ന രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് മറൈന്‍ ആംബുലന്‍സ് നീറ്റിലിറക്കുന്നത്. പ്ലാൻ അറ്റ് എർത്ത് എന്ന സാമൂഹ്യ സംഘടന രണ്ടു വർഷം പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകും. രണ്ടു വർഷത്തിനു ശേഷം ആംബുലൻസ് ഡിസ്പൻസറി പൂർണമായും കടമക്കുടി ഗ്രാമപഞ്ചായത്തിനു കൈമാറും.

പഞ്ചായത്തിലെ 13 കൊച്ചു ദ്വീപുകളിലുമായി ആറു ദിവസവും ഇതിന്റെ സേവനം ലഭ്യമാകും. ഒ.പി. കസള്‍ട്ടേഷനും അടിയന്തര സേവനങ്ങള്‍ക്കുമായി ആവശ്യമായ മുഴുവന്‍ മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയ ആംബുലന്‍സ് ഡിസ്‌പെന്‍സറി വീടുകളിൽ സേവനമെത്തിക്കും. ഈ ദ്വീപുകളില്‍ നിന്നു ചികില്‍സ തേടി പുറത്തുപോകുന്ന 2400 രേഹികൾക്ക് ആദ്യ ഘട്ടത്തിൽ ഇതിന്റെ പ്രയോജനം കിട്ടും. വേണ്ടത്ര യാത്ര സൗകര്യങ്ങളില്ലാത്ത ദ്വീപിൽ മറൈന്‍ ആംബുലന്‍സ് ദ്വീപുകളിൽ നിര്‍ദ്ദിഷ്ട ഷെഡ്യൂളില്‍ സന്ദര്‍ശനം നടത്തുന്നത് വലിയ ആശ്വാസമാകും. മുതിര്‍ന്ന പൗരന്മാര്‍ക്കും വയോധികര്‍ക്കുമായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ കിട്ടുക.

13 വാര്‍ഡുകളുള്ള പഞ്ചായത്തിലെ പിഴല, മൂലമ്പിള്ളി, കോതാട്. ചേന്നൂർ, കരിക്കാംതുരുത്ത്. കണ്ടനാട്, പാലിയംത്തുരുത്ത്, പുതുശ്ശേരി, ചരിയംതുരുത്ത്, വലിയ കടമക്കുടി. ചെറിയ കടമക്കുടി, മുറിക്കല്‍, കോരാമ്പാടം എന്നിവടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ മെഡിക്കല്‍ സ്റ്റാഫ് സന്ദര്‍ശിച്ച് പരിശോധിച്ച് മരുന്നും മറ്റു ചികിൽസയും ലഭ്യമാക്കും. ആഴ്ചയില്‍ ആറു ദിവസം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയായി ഡോക്ടര്‍,നഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരടങ്ങിയ സംഘമുണ്ടാകും.
അടിയന്തര സേവനങ്ങള്‍ക്കും ബോട്ടിന്റെ ഷെഡ്യൂള്‍ അറിയുന്നതിനും ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങും.