Sports

സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിച്ച ഇന്നലെകൾ; വർഷങ്ങൾക്കു ശേഷം ആർസിബി ക്യാമ്പിലെത്തി ക്രിസ് ​ഗെയിൽ | Chris Gayle

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ മൂന്ന് സീസണുകള്‍ ഗെയ്ല്‍ കൊല്‍ക്കത്ത താരമായിരുന്നു

ക്രിക്കറ്റ് ആരാധകരിൽ ടീം വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ക്രിസ് ​ഗെയിൽ. നീട്ടി പരത്തി ഒരു കാലത്ത് അടിച്ചു കൂട്ടിയ സിക്സെല്ലാം ഇന്നെന്ന പോലെ എല്ലാവരുടെയും മനസിലുണ്ട്. ഇന്ത്യക്കെതിരെ കളിച്ചു വന്ന താരം ഐപിഎല്ലിൽ ബാം​ഗ്ലൂരിന്റെ ഭാ​ഗമായതോടെയാണ് മലയാളി ആരാധകർ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഇപ്പോഴിതാ ആർസിബിയിലൂടെ സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിച്ച താരം ഇന്നലെ ഒരിക്കൽ കൂടി ബാം​ഗ്ലൂർ ക്യാമ്പിലെത്തി. ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തിയതിനു പിന്നാലെയാണ് ഇതിഹാസ താരം വീണ്ടും ആര്‍സിബി ക്യാംപിലെത്തിയത്. ക്യാപ്റ്റന്‍ രജത് പടിദാറടക്കമുള്ള താരങ്ങളുമായി ഗെയ്ല്‍ സൗഹൃദം പങ്കിട്ടു. സപ്പോര്‍ട്ടിങ് സ്റ്റാഫുകളും കോച്ച് ആന്‍ഡി ഫഌവര്‍ അടക്കമുള്ളവരുമായും താരം കുറച്ചു നിമിഷങ്ങള്‍ ചിലവഴിച്ചു. ഇതിന്റെ വിഡിയോ ബംഗളൂരു പങ്കിട്ടു.

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ മൂന്ന് സീസണുകള്‍ ഗെയ്ല്‍ കൊല്‍ക്കത്ത താരമായിരുന്നു. 2011ലാണ് ഗെയ്ല്‍ ആര്‍സിബിയിലെത്തുന്നത്. പിന്നീട് ഏഴ് സീസണുകളില്‍ താരം ആര്‍സിബിക്കൊപ്പം കളിച്ചു. 2018 മുതല്‍ 2021 വരെ താരം പഞ്ചാബിനൊപ്പം കളിച്ചു. പിന്നീട് ഒരു ടീമിന്റേയും ഭാഗമായില്ല. 142 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 4965 റണ്‍സാണ് സമ്പാദ്യം. ഐപിഎല്‍ സംഭാവന ചെയ്ത ഇതിഹാസ ബാറ്ററാണ് ഗെയ്ല്‍. ആവറേജ് 39.72, സ്‌ട്രൈക്ക്‌റേറ്റ് 148.96. ആറ് സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും. 2022ല്‍ ആര്‍സിബിയുടെ ഹാള്‍ ഓഫ് ഫെയ്മിലെത്തി.

നിലവില്‍ കൊല്‍ക്കത്തെക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനം നീണ്ടു. അടുത്ത മത്സരം ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം.

content highlight: Chris Gayle