ആലപ്പുഴ: കരുവാറ്റ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ കാർ യാത്രിക ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ സരസ്വതിയമ്മ (72) മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെ കരുവാറ്റയിലെ പവർഹൗസിന് സമീപമാണ് അപകടം ഉണ്ടായത്.
ദേശീയപാതയിൽ നിർമാണ ജോലികൾ നടക്കുന്നിടത്താണ് അപകടം. കായംകുളം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ അഗ്നിരക്ഷാ സംഘം പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന മൂന്നുപേർക്കാണ് അതീവഗുരുതരമായി പരുക്കേറ്റത്. ഇവരെ ആലപ്പുഴ വണ്ടാനം സർക്കാർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സരസ്വതിയമ്മയുടെ മരണം സംഭവിച്ചു. ഹരിപ്പാട് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് കാർ വെട്ടിപ്പൊളിച്ചത്. ബസിലുണ്ടായിരുന്ന 4 പേർക്ക് പരുക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസ് മറ്റൊരു പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറി, വാൻ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്തുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.