എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണ് പയര്‍. പ്രോട്ടീൻ കലവറയായ പയറിന് ചിട്ടയായ വള പ്രയോഗവും പരിചരണവും കൊടുത്താൽ 50- 60 ദിവസം കൊണ്ട് വിളവെടുത്ത് തുടങ്ങാം.
നടീൽ രീതി എങ്ങനെയെന്ന് നോക്കാം
ഒരടി നീളവും വീതിയുമുള്ള കുഴിയെടുത് മണ്ണും കുമ്മായവും യോജിപ്പിച്ച് ചെയ്തു ഒരാഴ്ച ഇടുന്നു. അതിൽ അടിവളമായി ചാണകപ്പൊടിയും ഒരു പിടി വേപ്പിൻപിണ്ണാക്കും ചേർത്ത് 4 – 5 ദിവസം വെയിൽ കൊള്ളാൻ വീണ്ടും ഇട്ടിരിക്കും.
അതിലേക്ക് കുതിർത്തു മുളപ്പിച്ച വിത്തുകൾ ഒരിഞ്ച് താഴ്ത്തി നടുന്നു (വിത്തു കുതിർക്കാൻ ഉപയോഗിക്കുന്നത് തേങ്ങാവെള്ളമാണ്). രാവിലെയും വൈകിട്ടും നനച്ചു കൊടുക്കണം. ഒരു കുഴിയിൽ 2 പയർ വിത്താണ് ഇടുന്നത്. കുഴികൾ തമ്മിൽ ഒന്നര അടി അകലം വേണം.
പരിചരണം ഏറ്റവും കൂടുതൽ വേണ്ട ഒരിനമാണ് പയർവർഗം. ഏറ്റവും കൂടുതൽ കീടാക്രമണം ഉള്ളത് പയറിനാണെന്നു തോന്നുന്നു. ഉറുമ്പ് മുതൽ ചാഴി വരെ സർവരും ആക്രമിക്കും. ദിവസേനയുള്ള പരിചരണം അത്യാവശ്യമാണ്.
മുളച്ചു നാലില പ്രായമാകുമ്പോൾ പച്ചച്ചാണകം ലൂസ് ആയിട്ട് കലക്കി ഒഴിച്ചു കൊടുക്കണം. ഇടക്ക് ചാണക പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം പൊടിച്ചത് ഇട്ടു മണ്ണു കൂട്ടി കൊടുക്കണം. പടർന്നു തുടങ്ങിയാൽ പന്തലിട്ട് അതിൽ കയറ്റി വിടും.
പടർന്നു തുടങ്ങുമ്പോൾ ചുവട്ടിൽ ആട്ടിൻ കാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി ഇട്ട് കൂടെ കൊന്നയിലയോ കമ്മൂണിസ്റ്റ്പച്ചയോ കരിയിലയോകൊണ്ട് പുതയിട്ട് മണ്ണ് കൂട്ടി കൊടുക്കണം. പൂത്തു തുടങ്ങുമ്പോൾ ഓരോ പിടി കോഴിവളവും നൽകും. പിന്നെ ആഴ്‌ചയിൽ ഒരു ദിവസം കഞ്ഞിവെള്ളം പുളിപ്പിച്ച് അൽപം ചാരവും ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കണം.
ചാക്ക്/ ഗ്രോ ബാഗ് നിറയ്ക്കാനും ഈ മിക്സ് തന്നെയാണ് ഉപയോഗിക്കുന്നത്. ലെയർ ആയി കരിയില കൂടി ഇടണം. വളപ്രയോഗം എല്ലാം ഒരു പോലെ തന്നെയാണ്.