കൊച്ചി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറവും, സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവയും, കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡും സംയുക്തമായി എറണാകുളം രേഖ ചാരിറ്റബിൾ സൊസൈറ്റിയും, ഇക്യൂബീയിങ് ഫൗണ്ടേഷന്‍റെയും സഹകരണത്തോടുകൂടി കാഴ്ചവെല്ലുവിളി നേരിടുന്നവർക്കുവേണ്ടി സംഘടിപ്പിക്കുന്ന ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25 ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ ഈ മാസം 24, 25 ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 110 ഓളം ചെസ് പ്ലെയേഴ്സ് ഈ ടൂർണമെൻ്റിൽ പങ്കെടുക്കും. ജൂണിയർ, സീനിയർ, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ ഒന്നു മുതൽ പത്ത് വരെ സ്ഥാനങ്ങൾ നേടുന്നവർ ദേശീയ ചെസ് ടൂർണമെൻ്റിൽ കേരളത്തെ പ്രതിനിധീകരിക്കും.
കാഴ്ചപരിമിതരുടെ വിദ്യാഭ്യാസത്തിനും സമഗ്ര പുനരധിവാസത്തിനും വേണ്ടി 1962 മുതൽ പ്രവർത്തിക്കുന്ന കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയാണ് സ്കൂൾ ഫോർ ദി ബ്ലൈൻഡിൻ്റെ മാനേജ്മെൻ്റ്. സൊസൈറ്റിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് സ്പോർട്സ്. സ്പോർട്സ് അക്കാദമിയും സ്പോർട്സ് ഹോസ്റ്റലും ക്രിക്കറ്റ് ഗ്രൗണ്ടും സ്വന്തമായുണ്ട്. കാഴ്ചപരിമിതർക്കു വേണ്ടിയുള്ള കായിക ഇനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് സൊസൈറ്റി വിഭാവനം ചെയ്യുന്നത്. അതിൻ്റെ ഭാഗമായാണ് ഈ ചെസ് ടൂർണമെൻ്റിന് സംയുക്തനേതൃത്വം നൽകുന്നത്.
കേരളത്തിലെ കാഴ്ചവെല്ലുവിളിനേരിടുന്നവരുടെ സർവതോന്മുഖമായ പുരോഗതിക്കായി 1967-ല്‍ രൂപംനൽകിയ സംസ്ഥാന സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്‍റ്(കെ.എഫ്.ബി. ഈ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ നിരവധിതവണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ അംഗീകാരങ്ങൾ ഈ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. കാഴ്ചവെല്ലുവിളിനേരിടുന്ന യുവതിയുവാക്കളുടെ ക്ഷേമത്തിനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഘടകമാണ് കെ.എഫ്.ബി. യൂത്ത് ഫോറം.
കേരളത്തിലെ കാഴ്ചവെല്ലുവിളി നേരിടുന്ന ചെസ്സ് കളിക്കാരുടെ സംഘടനയാണ് കേരള ചെസ്സ് അസ്സോസിയേഷൻ ഫോർ ദി ബ്ലൈൻഡ്. 1990 ൽ സ്ഥാപിതമായ ഈ സംഘടന അന്തർദേശീയ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള ടീമിനെ കണ്ടെത്തുന്നതും അവർക്ക് പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതും ഈ സംഘടനയാണ്. കാഴ്ചപരിമിതരായ ചെസ് കളിക്കാരിൽ നിന്നും ഇൻ്റർനാഷണൽ ഗ്രാൻ്റ് മാസ്റ്റർമാരെ വളർത്തുക എന്ന ലക്ഷ്യവും ഈ സംഘടനയ്ക്കുണ്ട്
24 ന് രാവിലെ 8.30 ന് ചെസ് മത്സരങ്ങളുടെ ഒന്നാം റൗണ്ട് ആരംഭിക്കുന്നു. 4 റൗണ്ട് മത്സരങ്ങളാണുള്ളത്. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം 11.00 ന് നടക്കും. രണ്ടാം ദിവസമായ 25ന് 3 റൗണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചക്ക് 3 മണിക്ക് വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.
സംഘാടക സമിതിക്കു വേണ്ടി,
രാജേഷ് പി.ആർ,
(സംസ്ഥാന സെക്രട്ടറി
കെ.എഫ്.ബി. യൂത്ത് ഫോറം.)
9020129076.
ടി.ജെ. ജോൺ
(മാനേജർ,
സ്കൂൾ ഫോർ ദി ബ്ലൈന്ഡ്,
ആലുവ.
മൊബൈൽ) 9446506468
നൗഷാദ് ഇ.പി,
(സംസ്ഥാന സെക്രട്ടറി,
കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈന്റ് 97473 65498)