മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞുവീണ സംഭവത്തിൽ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്ത് കേന്ദ്രം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ സസ്‌പെന്‍ഡ് ചെയ്തു.
ഈ മാസം 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്ന് സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ നടപടി. നടപടിയെ തുടർന്ന് കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഈ വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് വിവരം. കൂടാതെ ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
STORY HIGHLIGHT: national highway collapse incident