ചേരുവകൾ
മൈദ -1 കപ്പ്
പഞ്ചസാര -1/2 കപ്പ് (പൊടിക്കാത്തത്)
ബേക്കിംഗ് പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് സോഡ -1 നുള്ള്
ഉപ്പ് -1 നുള്ള്
മുട്ട -4 എണ്ണം
വാനില എസ്സെൻസ് -1 ടീസ്പൂൺ
പാൽ -2 ടേബിൾ സ്പൂൺ (ചെറിയ മുട്ട ആണെങ്കിൽ പാൽ 3 ടേബിൾ സ്പൂൺ വേണ്ടി വരും )
സൺഫ്ലവർ ഓയിൽ -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും ഒന്നിച്ചാക്കി ഒരു അരിപ്പയിലേക്ക് ഇട്ട് നന്നായി അരിച്ചെടുത്തു മിക്സ് ചെയ്ത് മാറ്റി വെക്കുക.
2. കേക്ക് ടിൻ റെഡിയാക്കി വെക്കുക , 7 ഇഞ്ചിന്റെ കേക്ക് ടിന്നിൽ (അലൂമിനിയം) ഓയിൽ പുരട്ടിയ ശേഷം അടിയിലും സൈഡിലും ഒക്കെ ബട്ടർ പേപ്പർ വെച്ച് കൊടുക്കാം (ബട്ടർ പേപ്പർ ഇല്ലെങ്കിൽ കുറച്ചു മൈദയിട്ട് എല്ലാ ഭാഗത്തും ആക്കിയ ശേഷം അധികമുള്ള പൊടി തട്ടിക്കളയാം.
3. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു അതിലേക്ക് വാനില എസ്സെൻസ് കൂടി ചേർത്തു ഒരു മിനുട്ട് ബീറ്റ് ചെയ്ത ശേഷം അതിലേക്ക് പഞ്ചസാര പൊടിച്ചത് കുറേശ്ശെയായി ചേർത്തു ബീറ്റ് ചെയ്യുക.
4. മുട്ടയും പഞ്ചസാരയുമൊക്കെ നന്നായി ബീറ്റ് ചെയ്ത് നല്ല ഫ്ലഫി ആയി (വീഴുമ്പോൾ റിബ്ബൺ പരുവത്തിൽ )വന്നിട്ട് ഇതിലേക്ക് ഓയിൽ ചേർത്തു ചെറിയ സ്പീഡിൽ ഒന്ന് മിക്സ് ചെയ്യാം.
5. ഇനി ഇതിലേക്ക് പാലും ചേർത്തു ചെറിയ സ്പീഡിൽ അടിച്ചെടുത്തു മിക്സ് ചെയ്ത ശേഷം ബീറ്റർ മാറ്റി വെച്ചിട്ട് അരിച്ചെടുത്ത പൊടി മൂന്ന് നാല് പ്രാവശ്യമായി ചേർത്തു ഒരു വിസ്‌ക് വെച്ചിട്ട് പതുക്കെ മിക്സ് ചെയ്തെടുക്കുക. ഒരേ സൈഡിലേക്ക് തന്നെ ഇളക്കി മുട്ട പൊങ്ങിയെതൊന്നും താഴ്ന്നു പോവാതെ വേണം മിക്സ് ചെയ്യാൻ.
മാവ് കേക്ക് ടിന്നിലേക്ക് ഒഴിച്ചു നന്നായി ടാപ്പ് ചെയ്ത് ബേക്ക് ചെയ്യാം.
ഓവനിലാണെങ്കിൽ 180 ഡിഗ്രി സെൽഷ്യസിൽ 10 മിനുട്ട് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 30-35 മിനുട്ട് ബേക്ക് ചെയ്യാം
സ്റ്റോവിൽ ആണെങ്കിൽ ഏതെങ്കിലും അടച്ചു വെക്കാൻ പറ്റുന്ന പാത്രത്തിൽ (അലുമിനിയം/കുക്കർ /നോൺസ്റ്റിക് ) ഒരു സ്റ്റാന്റോ റിങ്ങോ വെച്ചു പാത്രം നന്നായി ചൂടാക്കിയ ശേഷം ആ സ്റ്റാൻഡിന്റെ മുകളിൽ കേക്ക് ടിൻ വെച്ചു പാത്രം അടച്ചു വെച്ച് ചെറിയ തീയിൽ 30- 35 മിനുട്ട് ബേക്ക് ചെയ്തെടുക്കാം.
30 മിനുട്ടിനു ശേഷം ഒരു സ്റ്റിക് വെച്ചു കേക്കിന്റെ നടുഭാഗത്തു കുത്തിനോക്കി കേക്ക് വെന്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാം( സ്റ്റിക്കിൽ മാവ് പറ്റിയിട്ടുണ്ടെങ്കിൽ കേക്ക് വെന്തിട്ടുണ്ടാവില്ല)