പുലിമുരുകനിൽ മോഹൻലാലിന്റെ തോളത്തിരുന്ന ആ കുട്ടിത്താരത്തെ ഓർമയുണ്ടോ? നൂറുകോടി തിളക്കവുമായി മലയാളത്തിൽ ചരിത്രം സൃഷ്ടിച്ച പുലിമുരുകനിലെ കുട്ടിത്താരത്തെ കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്.
പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകളായി അഭിനയിച്ച ചക്കിയും അന്ന് പ്രേക്ഷക മനസുകളിൽ ഇടംനേടിയിരുന്നു. ബേബി ദുർഗ പ്രേംജിത് ആണ് ചക്കിയായി വേഷമിട്ടത്.
ഇപ്പോഴിതാ ദുർഗയുടെ അമ്പരപ്പിക്കുന്ന മാറ്റമാണ് ഏവരേയും അദ്ഭുതപ്പടുത്തുന്നത്. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത നടി കഴിഞ്ഞ ദിവസം ഒരു റീല്‍ വിഡിയോ ചെയ്തിരുന്നു. ഇതോടെയാണ് ദുർഗയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലെ രംഗവും ദുർഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതുകൂടാതെ, മമ്മൂട്ടി, ടൊവിനോ എന്നിവർക്കൊപ്പമുള്ള ചിത്രവും ദുർഗ പങ്കുവച്ചിട്ടുണ്ട്.
2016ൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന, പുലിയുടെ അതേ രൗദ്രത നിറഞ്ഞ മുരുകൻ എന്ന കഥാപാത്രത്തെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്.
ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷാജി കുമാറാണ്. ജോൺകുട്ടി എഡിറ്റിംഗും പീറ്റർ ഹെയ്‌ൻ ആക്ഷനും ഗോപി സുന്ദർ സംഗീതവും നിർവ്വഹിച്ചു. മികച്ച സൗണ്ട് കൊറിയോഗ്രാഫിക്കുളള പുരസ്‌കാരവും പുലിമുരുകൻ സ്വന്തമാക്കിയിരുന്നു. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രത്തിൽ നായികയായി എത്തിയത് കമാലിനി മുഖർജിയായിരുന്നു. തെന്നിന്ത്യൻ നടനായ ജഗപതി ബാബുവിന്റെ ഡാഡി ഗിരിജ എന്ന കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധ നേടി.
പുലിമുരുകൻ കൂടാതെ വിമാനം, സൗണ്ട് തോമ, മാർഗംകളി, ഹാലേലൂയ്യ, താങ്ക്‌യൂ താങ്ക്‌യൂ തുടങ്ങിയ സിനിമകളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.