വിട പറഞ്ഞ ശേഷവും പത്മരാജനോളം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു സംവിധായകനും തിരക്കഥാകൃത്തും മലയാളത്തിൽ വേറെയുണ്ടോ എന്ന് സംശയമാണ്. അതേ മലയാളികളുടെ പപ്പേട്ടന് ഇന്ന് 80-ാം പിറന്നാൾ. വാക്കുകളിലും സിനിമകളിലും പി പത്മരാജന് ചിത്രശലഭമാകാനും മേഘമാലകൾ ആകാനും സാധിച്ചു. എഴുത്തിന്റെയും ഭാഷയുടെയും കരുത്തിൽ പ്രേഷക ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച പത്മരാജൻ അതുല്യ പ്രതിഭയായിരുന്നു എന്ന് മാത്രമല്ല മലയാള സിനിമയോ വാനോളം ഉയർത്തുകയും ചെയ്തു.
1945 മെയ് 23ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍ ആയിരുന്നു പത്മരാജന്റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള കലാലയ ജീവിതം തിരുവനന്തപുരത്ത് ആയിരുന്നു. എം ജി കോളജിലും യൂണിവേഴ്‍സിറ്റി കോളജിലുമായിട്ടായിരുന്നു പഠനം. കുട്ടിക്കാലത്ത് തന്നെ പത്മരാജന് വായനയോടുള്ള കമ്പം ഉണ്ടായിരുന്നു. കോളജ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയതോടെ വായന വളര്‍ന്നു.
വായനയ്ക്കൊപ്പം എഴുത്തും. ആനുകാലികങ്ങളിലെ കഥകളിലൂടെയാണ് പി പത്മരാജന്‍ എന്ന പേര് മലയാളി ആദ്യം ശ്രദ്ധിക്കുന്നത്. നക്ഷത്രങ്ങളേ കാവൽ എന്ന നോവലിന് 1972 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നതോടെ അദ്ദേഹം പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങി. 16 വർഷം മാത്രം നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്കും സിനിമാ ലോകത്തിനും സമ്മാനിച്ചത് പകരം വയ്ക്കാനില്ലാത്ത സൃഷ്ടികളായിരുന്നു. കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ, ദേശാടനക്കിളികള്‍ കരയാറില്ല, ഞാൻ ഗന്ധർവൻ അങ്ങനെ പോകുന്നു ആ സിനിമകൾ.
സിനിമാ പ്രേക്ഷകർക്ക് എക്കാലവും ഓർത്തിരിക്കാനാകുന്ന വൈവിധ്യമാർന്ന ഒട്ടേറെ സിനിമകൾ സമ്മാനിച്ചായിരുന്നു 46-ാം വയസിലെ അദ്ദേഹത്തിന്റെ മടക്കം. പപ്പേട്ടൻ പകർന്ന ഓരോ ഡയലോഗും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. അങ്ങനെ എഴുത്തുകളുടെ ഗന്ധർവ്വനായി അദ്ദേഹം സഞ്ചരിച്ചു. കരിയറില്‍ അദ്ദേഹം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച പ്രൊജക്ട് ആയിരുന്നു 1991ല്‍ പുറത്തുവന്ന ഞാന്‍ ഗന്ധര്‍വ്വന്‍. വിഎഫ്എക്സിന്‍റെ സഹായമില്ലാതിരുന്ന കാലത്ത് ഗന്ധര്‍വ്വ സങ്കല്‍പ്പത്തെയൊക്കെ അദ്ദേഹം മണ്ണിലിറക്കി.
പക്ഷേ ചിത്രം തിയറ്ററില്‍ ശ്രദ്ധ നേടിയില്ല. അദ്ദേഹത്തിന് അത് വലിയ നിരാശയുണ്ടാക്കി. സിനിമ തിയറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടെ ആയിരുന്നു മരണം. കാലത്തിനു മുൻപേ സഞ്ചരിച്ച ഒരാൾ, മറ്റൊരാൾക്കും അനുകരിക്കാനാകാത്ത കലാസൃഷ്ടികൾ സമ്മാനിച്ച ഒരാൾ, പ്രിയപ്പെട്ട പപ്പേട്ടൻ. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ആ സിനിമകൾ ഇന്നും മലയാള മനസിൽ കുടികൊള്ളുന്നു.