കാണ്ടി അതൊരു ഹൈറേഞ്ച് മേഖലയാണ് . വയനാട്ടിലേക്കോ ഊട്ടിയിലേക്കോ പോകുന്ന പോലെ ഹെയർപിൻ വളവുകൾ ഒന്നും തന്നെയില്ല. റോഡരികിലെ വീടുകളുടെ വലിപ്പം കണ്ടാലറിയാം നാട്ടുകാരിൽ ചിലർ ധനികരുണ്ട് എന്ന്. കാണ്ടി പട്ടണം ശ്രീലങ്കയുടെ മധ്യത്തിലുള്ള പ്രൊവിൻസിൽ ഉൾപ്പെട്ട പീഠഭൂമിയാണ്. നഗരത്തിന് ചുറ്റും തേയിലത്തോട്ടങ്ങൾ ആണ്. രാജാക്കന്മാർക്ക് കീഴിൽ ഉണ്ടായിരുന്ന കാണ്ടിയെ പോർട്ടുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ആഗ്രഹിച്ചു. ഒരു പ്രദേശം /പറമ്പ് എന്ന അർത്ഥത്തിൽ മലയാളത്തിൽ പറഞ്ഞിരുന്ന കണ്ടി തന്നെ ആണത്രെ കാണ്ടി. ഇംഗ്ലീഷുകാരാണ് കണ്ടിയെ കാണ്ടി ആക്കി മാറ്റിയത് ഊട്ടിയുടെയും മൂന്നാറിന്റെയുമത്രയൊന്നും തണുപ്പില്ലെങ്കിലും ശ്രീലങ്കയിലെ മറ്റു പ്രദേശങ്ങളെക്കാൾ ഉയരത്തിലാണിവിടം. തങ്ങളുടെ രാജ്യത്തിന്റെ കാലാവസ്ഥക്ക് സമാനമുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൊതിയായിരുന്നല്ലോ ? അങ്ങനെയാണ് ഊട്ടിയിലും മസൂറിയിലും ബ്രിട്ടീഷുകാർ താവളമുറപ്പിച്ചത്. അതേ തന്ത്രം അവർ കാണ്ടിയിലും നടപ്പിലാക്കി.
ലോകത്ത് വിവിധ രാജ്യങ്ങളിൽ ബുദ്ധമതത്തിന് പ്രചാരകരും ക്ഷേത്രങ്ങളും വിശ്വാസികളുമുണ്ടെങ്കിലും ശ്രീബുദ്ധന്റെ ഏക തിരുശേഷിപ്പ് ഉള്ളത് കാണ്ടിയിലാണ്. ബുദ്ധന്റെ പല്ലുകൾ ആണ് ഇവിടത്തെ ദലൈദ മലൈഗാവ (Temple of tooth relic ) എന്ന ക്ഷേത്രത്തിൽ സൂക്ഷിച്ചുവെച്ചിട്ടുള്ളത് എന്നാണ് വിശ്വാസം. യുനെസ്കോ പൈതൃകപ്പട്ടികയിൽ ഈ ക്ഷേത്രത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.കാണ്ടി പട്ടണത്തിൽ തന്നെയാണ് ക്ഷേത്രം.വലിയ ഒരു കോമ്പൗണ്ടിൽ ആണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് സമീപത്ത് റോയൽ പാലസും മൂന്ന് ആർക്കിയോളജിക്കൽ മ്യൂസിയങ്ങളും ഉണ്ട്. ശീലങ്കക്കാരനല്ലാത്ത ഒരാൾക്ക് 1500 രൂപ വരും പ്രവേശന ടിക്കറ്റ്. ശ്രീലങ്കയിലെ ഏതൊരു ടൂറിസ്റ്റ് സെന്ററിലെയയും ടിക്കറ്റിന്റെ റേറ്റ് മൂന്ന് വിധത്തിലാണ്. ശ്രീലങ്കക്കാർക്ക് ചെറിയ ചാർജ്. സാർക്ക് രാജ്യങ്ങളിൽ ഉൾപ്പെട്ട രാജ്യമാണെങ്കിൽ ടിക്കറ്റ് ചാർജ് കുറേയധികം കൂടും. യൂറോപ്പ്യൻ, അമേരിക്കൻ രാജ്യക്കാരന് ചാർജ് പിന്നെയും കൂടും.
റോയൽ പാലസിലേക്ക് പോയാൽ രാജകൊട്ടാരത്തിന്റെ വലിയ ആഢംബര ചിഹ്നങ്ങൾ ഒന്നും തന്നെ അവിടെ കണ്ടില്ല. എന്നാൽ ഉള്ളത് എല്ലാം നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട് താനും. 1988ൽ ചെരിഞ്ഞ രാജ എന്ന ആനയുടെ തൊലിയും കൊമ്പും മറ്റും ഉപയോഗിച്ച് നിർമ്മിച്ച ശിൽപം ആണ് അവിടെ കൂടുതൽ ആകർഷകമായി തോന്നിയത്. ആനയുടെ ശിൽപ്പം കണ്ടപ്പോൾ ഗുരുവായൂർ കേശവന്റെ പ്രതിമ ഓർമ്മയിൽ വന്നു. കണ്ടകാണ്ടി അസ്സെല്ല പെരഹര എന്ന ഉത്സവത്തിന് നമ്മുടെ തൃശൂർപൂരം പോലെ നാൽപ്പതോളം ആനകളും വലിയൊരു ജനക്കൂട്ടവും പങ്കെടുക്കുമത്രേ. ശ്രീലങ്കൻ കലണ്ടർ പ്രകാരം ജൂലൈയിലോ ആഗസ്തിലോ ആണ് ഈ ഉത്സവം നടക്കുക. രാത്രിയിൽ പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് അവിടത്തെ ക്ഷേത്രത്തിലെ ബുദ്ധന്റെ പല്ല് വെച്ച പേടകം ക്ഷേത്രത്തിൽനിന്ന് പുറത്തെടുക്കുമത്രേ.
ലോക ബുദ്ധമത മ്യൂസിയം അടക്കമുള്ള രണ്ട് മ്യൂസിയങ്ങൾ കൂടി പിന്നീട് കണ്ടു. മുമ്പെടുത്ത ടിക്കറ്റ് ഉപയോഗിച്ച് സന്ദർശകർക്ക് ഇതെല്ലാം കാണാം. ബുദ്ധമതം നിലനിൽക്കുന്ന പ്രധാന രാജ്യങ്ങളുടെ പേരിലെല്ലാം വ്യത്യസ്ത ഗാലറികൾ അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. സാഞ്ചിയിലെ സ്തൂപങ്ങളുടെയും മറ്റും റെപ്ലിക്കകളും ചിത്രങ്ങളും ഇന്ത്യൻ ഗാലറിയിൽ കാണാം. .
പാലസ് കോമ്പൗണ്ടിന് പുറത്ത് വിശാലമായി കിടക്കുന്ന കാണ്ടിതടാകം വളരെ മനോഹരമാണ്.