ബെംഗളൂരിൽ നിന്നും 179 km ദൂരമുണ്ട് ഹൊഗനക്കലിലെക്ക്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് ഹോഗനക്കൽ സ്ഥിതി ചെയ്യുന്നത്.
തിരക്കില്ലാത്ത വഴിയിൽ രണ്ടു ഭാഗത്തും തമിഴ് ഗ്രാമങ്ങൾ, വയലും,കൃഷിയും കന്നുകാലി വളർത്തലും ആയി ജീവിക്കുന്നവർ. വഴിയരികിൽ ഫ്രൂട്സ് വിൽക്കുന്ന ബാലികമാർ.
ധർമപുരിയിൽ നിന്നും ഹോഗനക്കൽ 46 km ഉണ്ട്. തമിഴ്നാട് സർക്കാരിന്റെ ചെക്ക്പോസ്റ്റ് കടന്നുവേണം ഹോഗനക്കൽ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ചെന്ന് കയറുവാൻ . അവിടെ നിന്നും കുത്തനെയുള്ള ഇറക്കമാണ്. ആ പ്രദേശത്ത് നിന്നും താഴേക്കുള്ള കാഴ്ച കണ്ണിനും മനസ്സിനും ആനന്ദകരമാണ്…
ഇറക്കം ഇറങ്ങി ചെല്ലുമ്പോൾ തന്നെ വെള്ളത്തിന്റെ ഹുംകാര ശബ്ദം കേൾക്കാം . വഴിയുടെ ഇരുവശങ്ങളിലും ചെറിയ കടകളിൽ വലുതും ചെറുതുമായ മീനുകൾ മസാല പുരട്ടി വെച്ചിരിക്കുന്നു .പുഴയിൽ നിന്നും പിടിച്ച മത്സ്യങ്ങൾ വറ ചട്ടിയിൽ .കിടന്നു… മൊരിയുന്നു…
പല മലയാള സിനിമകളിലും നമ്മൾ കണ്ടിട്ടുള്ളതാണ് ഹോഗനക്കൽ , നമ്മുടെ ലാലേട്ടൻ തകർത്തഭിനയിച്ച നരനിലെ മുള്ളങ്കൊല്ലി ഈ വെള്ളച്ചാട്ടത്തിനു ഒരു കിലോമീറ്റർ മുകളിലാണ് . ഒരു ഭാഗത്ത് തമിഴ്നാട് മറുവശം കർണാടകയും ആണ് . അതു കൊണ്ട് തന്നെ തമിഴ്നാട്ടിലും കർണാടകത്തിലും കൂടി വേണം വെള്ളച്ചാട്ടം മുഴുവനും കാണാൻ . വറുത്ത മീനും മുളവഞ്ചിയിൽ വെള്ളത്തിലൂടെയുള്ള സവാരിയും ഇവിടേം ഉണ്ട്.വെള്ളച്ചാട്ടങ്ങൾ എല്ലാം കാണാൻ വഞ്ചിയിൽ പോകണം.
1000 രൂപയാണ് ആണ് വഞ്ചി വാടക . 8 പേർക്ക് പോകാം വഞ്ചി തുഴയുന്ന ആള് നമ്മെ ആദ്യത്തെ വെള്ളച്ചട്ടത്തിനടുത്ത് ഇറക്കി കാഴ്ചകൾ കാണിച്ചു തരും ,
അവിടേം ഉണ്ട് മീൻ ഫ്രൈ സ്‌പെഷ്യൽ . തോണി ചുമന്നാണ് തോണിക്കാരൻ ഒരു വെള്ളച്ചാട്ടത്തിൽ നിന്നും അടുത്തതിലേക്ക് പോകുന്നത് അതുകൊണ്ട് തന്നെ മുകളിൽ നിന്നും താഴെ നിന്നും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം ആസ്വദിക്കാം . ബാക്കി വെള്ളച്ചാട്ടം കർണാടക സൈഡ് ആണ് . അവിടെ മീനിനൊപ്പം നല്ല വിദേശ മദ്യവും യഥേഷ്ടം കിട്ടും. സാദാരണ ടൂറിസ്റ്റ് പ്ലേസിൽ ഫ്രൂട്സ് വിൽക്കുന്നത് പോലെ സഞ്ചിയിൽ ആക്കി മദ്യം വിൽക്കുന്നത്.
കയ്യിൽ ഒരു ചൂണ്ട കൊണ്ട് പോയാൽ ഇഷ്ടം പോലെ മീൻ പിടിക്കാം ..
കൂടുതൽ ആയി അറിയാം…
പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം; ഹൊഗനക്കൽ കാഴ്ചയിലേക്ക്
ഉച്ചയ്ക്ക് മീൻ കഴിച്ചു കഴിച്ച് ചോറുണ്ണാൻ മറന്ന കഥ കേൾക്കാം. കർണാടക – തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയാണ് ഹൊഗനക്കലിൽ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നത്.
കുട്ടവഞ്ചിയിൽ പാറയിടുക്കുകൾക്കിടയിലുടെ തുഴഞ്ഞു പോയി നമുക്ക് മീൻ പിടിക്കുന്നവരെ അടുത്തു കാണാം . ഇടനിലക്കാരില്ലാതെ നേരിട്ട് മീൻ വാങ്ങാം. ‘മീൻ നാങ്ക സമച്ച് കൊടുക്കറേൻ’ (പാചകം ചെയ്ത് തരാം) എന്നു പറഞ്ഞു പറഞ്ഞ് കൂടെ കൂടുന്ന സ്ത്രീകൾ ഒരുക്കുന്ന മീൻ മസാല ഫ്രൈ കഴിക്കാം.
ചുവന്ന മസാല പുരട്ടി വച്ചിരിക്കുന്ന മീനുകൾ, ഔഷധ എണ്ണയിട്ട് വെളളച്ചാട്ടത്തിൽ കുളി. ഇതെല്ലാമാണ് ഇന്ത്യയുടെ ‘നയാഗ്ര’, ഹൊഗനക്കൽ നമുക്കായി കരുതിവച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കിയ സൗകര്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.
ഒതുക്കമുള്ള മനോഹരമായ ഗ്രാമമാണിത്. പുകയെന്നും വലിയ കല്ലെന്നും അർഥമുള്ള ‘ഹൊഗ – കൽ’ എന്നിവ ചേർന്നാണ് ഹൊഗനെക്കൽ എന്നായത്. ബ്രഹ്മഗിരിയിലെ തലക്കാവേരിയിൽ നിന്ന് ഉദ്ഭവിച്ച് തെക്കൻ കർണാടകയെ ഫലസമൃദ്ധമാക്കി ഹൊഗനക്കലിലൂടെ തമിഴ്നാട്ടിലെ മേട്ടൂർ ഡാമിലേക്ക് ഒഴുകുന്ന കാവേരി. കർണാടകയുടെ ഇതിഹാസ തുല്യനായ ചലച്ചിത്ര താരം രാജ് കുമാറിന്റെ ജന്മദേശം തലപ്പാടി നദിയുടെ അപ്പുറത്തെ ചാമരാജ് ജില്ലയിലാണ്. വീരപ്പൻ അടക്കി വാണിരുന്ന സത്യമംഗലം കാടുകൾ ഉൾപ്പെട്ട പ്രദേശം. ഇതെല്ലാം ചരിത്രം. മീൻ രുചി തേടിയാണീ കുട്ട വഞ്ചിയിലെ സാഹസിക യാത്ര.
ധർമപുരിയിലേക്ക്
ബെംഗളൂരുവിൽ നിന്ന് ഹൊസൂർ വഴി റോഡുമാർഗം 180 കിലോമീറ്ററാണ് ഹൊഗനക്കലിലേക്ക്. ധർമപുരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ 50 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. സുഹൃത്തുക്കളായ സന്തോഷിനും ഉമാപതിക്കുമൊപ്പമാണ് യാത്ര. ഉമാപതിയാണ് സാരഥി. ഇരുവരും മത്സ്യപ്രിയർ, യാത്ര വേഗത്തിലായി. പുളിമരങ്ങൾ അതിരിട്ട തമിഴ്നാട്ടിലെ വഴിയോരവും തെങ്ങിൻ തോപ്പുകൾക്കും അപ്പുറത്തെ വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ വർണ ചിത്രവും പിന്നിലേക്ക് മായുന്നു.
ധർമപുരിയിൽ നിന്ന് വ ലത്തേയ്ക്ക് തിരിയണം. ധർമപുരി വിട്ടാൽ പിന്നെ വനമേഖലയാണ്. ചെറിയൊരു പട്ടണം . ഹോട്ടലുകൾക്ക് വലിയ പ്രസക്തിയില്ലാത്ത ഇടം. കാരണം പുഴയിലേക്കുള്ള വഴിയിലൊക്കെ മീൻ പൊരിച്ച് വിൽക്കുന്ന ലൈവ് കിച്ചണുകളല്ലേ കാത്തിരിക്കുന്നത്.
മീൻ കടകളുടെ നാട്
ഉത്സവപ്പറമ്പുകളിലെ വളക്കടകൾ പോലെ മുളക് പുരട്ടി മീൻ വച്ചിരിക്കുന്ന ചുവപ്പൻ കാഴ്ചകൾ വഴി നീളെ. ഫിഷ് ഫ്രൈ റെഡി എന്ന് ഇംഗ്ലിഷിലും തമിഴിലും എഴുതിയ ബോർഡുകൾ. നൂറു രൂപയ്ക്ക് നാലു തിലോപ്പിയ പൊരിച്ചത്. വലിയ കട്‌ലയുടെയും രോഹുവിന്റെയും വളയൻ പീസുകൾ. നീളൻ ആരൽ, വരാൽ. വഴിയരികിൽ മീൻ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവർ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കിൽ മീൻ വാങ്ങി പാചകം ചെയ്യിച്ചെടുക്കാം. ഫ്രൈ ചെയ്ത മീൻ തുക്കിയും വാങ്ങാം. പരൽ മീനുകൾ കാൽകിലോയ്ക്ക് അൻപത് രൂപ.
മീനവർ, വണ്ണിയർ എന്നീ സമുദായക്കാരാണ് ഹൊഗനക്കലിലുള്ളത്. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ് മീനവര്‍. മീൻ പിടിച്ച് ജീവിതം നയിക്കുന്നൊരു ജനവിഭാഗം ആയതിനാലാവാം ഇവർക്കാ പേരു വന്നത്.
കുട്ട വഞ്ചി അഥവാ പെരശൽ
വട്ടത്തോണി, തമിഴിൽ പെരശൽ, നമുക്കിത് കുട്ട വഞ്ചി. അതിൽ ചെറിയൊരു ഉരുളൻ തടിക്കു മേലെയിരുന്നാണ് തുഴയുന്ന്. മാട്ടിൻ തോൽ കൊണ്ടായിരുന്നു നേരത്തെ കുട്ട വഞ്ചിയുടെ പുറം ചട്ട പൊതിഞ്ഞിരുന്നത്. ഇപ്പോഴത് ടാർ പൂശി പ്ലാസ്റ്റിക് പാളികൾ കൊണ്ട് പൊതിഞ്ഞാണ് വാട്ടർ പ്രൂഫാക്കിയിരിക്കുന്നത്. തുഴയുന്നതിനൊരു പ്രത്യേക ശൈലിയുണ്ട്. വെറുതെ തുഴഞ്ഞാൽ വട്ടം കറങ്ങി നിൽക്കുകയേയുള്ളൂ. സ്കൂൾ കുട്ടികൾ അസംബ്ലിക്ക് നിൽക്കുന്ന പോലെ കരയിലായി അടുക്കി വച്ചിരിക്കുന്ന കുട്ട വഞ്ചിയിലൊന്നെടുത്ത് നടന്നു വരുന്ന തുഴക്കാരൻ കുമാർ. ഹൊഗനക്കലിനടുത്തുള്ള ഉൗട്ടമല സ്വദേശി. കയറുന്നവരെ ഹാൻഡികാമിൽ പകർത്തുന്ന പൊലീസുകാർ. വൃത്തിയുള്ള കടവും പരിസരങ്ങളും.
ആഴക്കുറവുള്ള വെള്ളത്തിൽ വ ഞ്ചിയിൽ പാറകൾക്കും വേരുകൾക്കും ഇടയിലുടെ അൽപം നടക്കണം. പിന്നാലെ തോണിയും തോളിലേറ്റി കുമാറും നടന്നു. ഇനി പോകുന്ന വഴിയൊക്കെ മഴയത്ത് കാവേരി നിറഞ്ഞൊഴുകി ജലം മാത്രമാകുന്നിടങ്ങളാണ്. നിരപ്പായി ഒഴുകിയെത്തി താഴേക്കു പതിക്കുന്ന കാവേരിയാണ് ഇവിടെ കാഴ്ചയുടെ പൂരമൊരുക്കുന്നത്. പരന്നൊഴുകുന്ന കാവേരി താഴേക്കു പതിക്കുന്നിടമാണ് വെള്ളച്ചാട്ടമായി മാറുന്നത്. മലമുകളിൽ നിന്നല്ലാതെയുള്ള വെള്ളച്ചാട്ടം കാണാനാകുന്ന അപൂർവം ഡെസ്റ്റിനേഷൻ. ഓഗസ്റ്റ് സെപ്റ്റംബർ സീസണിലാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. കുട്ടവഞ്ചിയില്‍ കയറുന്നവര്‍ ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണം. ചൂടു കൂടിയെന്നു പറഞ്ഞ് ഇടയ്ക്ക് നമ്മൾ ഉൗരിയാലും തോണിക്കാർ ഉടനെ അതണിയാൻ പറയും. ചില തോണികളിൽ പൊലിസും നീരീക്ഷണത്തിനായി സഞ്ചരിക്കും.