പത്തനംതിട്ട കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതി സജിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി. 8 വർഷം മുൻപാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ വീട്ടിൽ ശാരികയെ അയൽക്കാരൻ കൂടിയായ പ്രതി കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ കൊലപ്പെടുത്തിയത്.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്കൊപ്പം ഇറങ്ങി വരണമെന്ന പ്രതിയുടെ ആവശ്യം നിരസിച്ചതാണ് ആക്രമണത്തിന് കാരണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാരികയെ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 22 ന് മരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി കോടതി പരിഗണിച്ചിരുന്നു. ശാരികയുടെ മുത്തച്ഛന്‍ ഈ അതിക്രമത്തിനെല്ലാം സാക്ഷിയായിരുന്നു. കൂടാതെ തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികളും ഉണ്ടായിരുന്നു.
STORY HIGHLIGHT: kadammanitta sarika murder case