ചരിത്രം തേടിയെത്തുന്നവർക്കായി ബേലൂരിൽ കാത്തിരിക്കുന്നത് ഒരു രാജവംശത്തിന്റെ തന്റെ ശേഷിപ്പാണ്. ക്ഷേത്രനഗരമെന്ന് ബേലൂരിനെ വിശേഷിപ്പിക്കാം. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ഭരണകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളും അനുബന്ധ കെട്ടിടങ്ങളുമാണ് ബേലൂരിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയായാണ് ബേലൂര്‍ സ്ഥിതി ചെയ്യുന്നത്. താമസത്തിനും ഭക്ഷണത്തിനുമെല്ലാം ഇവിടെ വേണ്ടും വിധമുള്ള സൗകര്യങ്ങളുണ്ട്. നേരത്തേ ബുക്ക് ചെയ്തും അല്ലാതെയുമെല്ലാം താമസസൗകര്യം ലഭ്യമാണ്. യാഗച്ചി നദീതീരത്തുള്ള ബേലൂരിനെ ദക്ഷിണ ബനാറസ് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതിഭംഗിയും നിറയെ ക്ഷേത്രങ്ങളുമാണ് ഈ വിശേഷണത്തിന് കാരണം. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്ത് ബേലൂര്‍. അവരുടെ മറ്റൊരു തലസ്ഥാനഗരമായിരുന്ന ഹാലേബിഡിലേയ്ക്ക് ബേലൂരില്‍ നിന്നും വെറും പതിനാറ് കിലോമീറ്റര്‍ അകലം മാത്രമേയുള്ളു. അതായത് ബേലൂര്‍ സന്ദര്‍ശിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഹാലേബിഡ് കൂടി കാണണം എന്നുതന്നെ. രണ്ടുനഗരങ്ങളും ഹൊയ്‌സാല വാസ്തുവിദ്യയുടെ മഹിമ വിളിച്ചോതുന്ന കെട്ടിടങ്ങളാലും ക്ഷേത്രങ്ങളാലും അനുഗ്രഹീതമാണ്. ബേലൂരിലെ ഏറ്റവും വലിയ ക്ഷേത്രം ചെന്നകേശവ ക്ഷേത്രമാണ്. വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. അമ്പരപ്പിക്കുന്ന കൊത്തുപണികളും അലങ്കാരവേലകളുമാണ് ക്ഷേത്രത്തിലുള്ളത്. കൊത്തിവച്ചിരിക്കുന്ന രൂപങ്ങളില്‍ പലതിനും ജീവനുണ്ടോയെന്ന് സംശയം തോന്നിപ്പോകും. ഒരു നൂറ്റാണ്ടിലേറെക്കാലമാണത്രേ ക്ഷേത്രനിര്‍മ്മാണം നീണ്ടുനിന്നത്.ബേലൂരിലെ മറ്റൊരു പ്രധാനക്ഷേത്രം ദൊഡ്ഡഗഡവള്ളിയിലുള്ള ലക്ഷ്മി ദേവി ക്ഷേത്രമാണ്. കൂടാതെ ശ്രാവണബലഗോളയിലെ ഗോമടേശ്വര പ്രതിയും കണ്ടിരിക്കേണ്ടതുതന്നെ. ബേലൂരിലെത്തുകയെന്നത് ഒട്ടും പ്രയാസമുള്ളകാര്യമല്ല. 38കിലോമീറ്ററകലെയുള്ള ഹാസ്സനാണ് സമീപ റെയില്‍വേ സ്‌റ്റേഷന്‍. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബേലൂരേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്.