കേക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. കുട്ടികൾക്കും മുതിർന്നവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകാം ഈ ചോക്ലേറ്റ് ബിസ്ക്കറ്റ് കേക്ക്.
ചേരുവകൾ
- ബോർബോൺ ബിസ്ക്കറ്റ് – 30 എണ്ണം
- തിളപ്പിച്ച് ആറിച്ച പാൽ – 1 കപ്പ്
- പൊടിച്ച പഞ്ചസാര – 3 ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
- ബേക്കിങ് സോഡ – 1/ 4 ടീസ്പൂൺ
- ചെറി – ആവശ്യത്തിന്
- നെയ്യ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്തിളക്കാം. ഇനി ഒരു കപ്പ് പാൽ കുറേശ്ശേ ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ കലക്കി എടുക്കാം. ഇതിന് ശേഷം ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ചേർത്ത് ഇളക്കിയെടുക്കാം. ഇനി ഒരു പാത്രത്തിൽ നെയ്യ് തടവിയ ശേഷം മാവ് പകുതി ഒഴിച്ച് കൊടുക്കാം. ഇതിനു മുകളിലായി കുറച്ചു നുറുക്കിയ ചെറി വിതറി അതിന് മുകളിൽ ബാക്കി മാവും ഒഴിച്ച് 30 മുതൽ 40 മിനിറ്റ് വരെ ചെറുതീയിൽ വച്ച് വേവിച്ചെടുക്കാം.
കേക്ക് നന്നായി വെന്ത ശേഷം തണുക്കാൻ അനുവദിക്കുക. ശേഷം വേണമെങ്കിൽ കേക്ക് നന്നായി അലങ്കരിച്ച് മുറിച്ചെടുത്ത് കഴിക്കാം.
STORY HIGHLIGHT: chocolate biscuit cake