World

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലേക്ക് സഹായ സാമഗ്രികള്‍ വഹിച്ചെത്തിയ യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചാണ് സംഭവം.

കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ഗാസയിലേക്ക് യുഎഇയുടെ 24 ട്രക്കുകളാണ് പ്രവേശിച്ചത്. ഇതില്‍ ഒന്നു മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിയുള്ളൂ എന്നാണ് ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യുഎഇ ദൗത്യസംഘം പറയുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓപറേഷന്‍ ഗാലന്റ് നൈറ്റ് ത്രീയാണ് ഈ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. സുരക്ഷിതമല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യാന്‍ ഇസ്രായേല്‍ സേന നിര്‍ബന്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ദൗത്യസംഘം കുറ്റപ്പെടുത്തി. സംഭവത്തില്‍ ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ദുരിതബാധിതകര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുമായി 103 യുഎഇ ട്രക്കുകള്‍ ഗാസ അതിര്‍ത്തിയില്‍ സജ്ജമാണ്. എന്നാല്‍ ഇവയില്‍ 24 എണ്ണത്തിനു മാത്രമാണ് ഇസ്രായേല്‍ പ്രതിരോധ സേന ഗാസയിലേക്ക് അനുമതി നല്‍കിയത്. ഈ ട്രക്കുകളിലെ വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.