Kerala

എംഎസ്‌സി എൽസ 3 കപ്പൽ അറബിക്കടലിൽ മുങ്ങി

കൊച്ചി: കൊച്ചി തീരത്തിനടുത്ത് അപകടത്തിൽപെട്ട ലൈബിരിയൻ കപ്പൽ എംഎസ്‌സി എൽസ 3 അറബിക്കടലിൽ മുങ്ങി. ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് പതിച്ചതിനാൽ ഇവയെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ കപ്പലിൽ‌ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്. അതേസമയം കപ്പൽ അപകട നില തരണം ചെയ്തതായാണ് വിവരം. സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കപ്പലില്‍ തുടരുന്നുണ്ട്. കപ്പൽ കമ്പനി ആവശ്യപ്പെടുന്ന സമയം വരെ ഇവർ കപ്പലിൽ തുടരും. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും നാവിക സേനയുടെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തി.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 400-ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.

കണ്ടെയ്‌നറുകൾ കണ്ണിൽപ്പെട്ടാൽ അടുത്തേക്കു പോകുകയോ തൊടുകയോ ചെയ്യരുത്. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമാണു കപ്പലിൽ ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷിച്ചിരുന്നു. ക്യാപ്റ്റനും രണ്ട് എൻജിനീയർമാരും കപ്പലിൽ തുടർന്നിരുന്നു. ഇവരെയാണ് ഇന്ന് രാവിലെ സ്ഥിതി വഷളായതോടെ മാറ്റിയത്. 28 വർഷം പഴക്കമുള്ള കപ്പലിന് 184 മീറ്ററാണ് നീളം. കപ്പൽ ഇന്നലത്തേതിലും കൂടുതൽ ചെരിഞ്ഞോയെന്ന് വ്യക്തമല്ല. കപ്പൽ മുങ്ങുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും കണ്ടെയ്‌നറുകൾ കടലിൽ പതിച്ചത്.

Tags: KOCHIKerala