വീട്ടില്‍ ഉണക്കച്ചെമ്മീനും മാങ്ങയുമുണ്ടോ? നല്ല രുചികരമായ ഉണക്കച്ചെമ്മീൻ മാങ്ങാ ചമ്മന്തി ഉണ്ടാക്കിയാല്‍ ചോറിന്‍റെകൂടെ വേറൊന്നും വേണ്ട. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഉണക്കച്ചെമ്മീൻ- 1 cup
പച്ചമാങ്ങ- 1
കുഞ്ഞുള്ളി- 5
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരകിയത് 1/2 cup
വെളിച്ചെണ്ണ- 1 tsp
വറ്റൽ മുളക്- 3
തയാറാക്കുന്ന വിധം
ഉണക്കച്ചെമ്മീൻ തലയും വാലും കളഞ്ഞ് വൃത്തിയാക്കി കഴുകുക. ഒരു പാൻ ചൂടാക്കി അതിലേക്കു ചെമ്മീൻ ഇട്ടു, ചെമ്മീൻ നല്ല ഡ്രൈ ആകുന്നവരെ ചൂടാക്കുക. ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ചെമ്മീൻ ഡ്രൈ ആയി വരുമ്പോൾ അതിലേക്കു വറ്റൽ മുളക് ചേർക്കുക. 1 മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക. ഇനി ചെമ്മീനും വറ്റൽ മുളകും കൂടി മിക്സിയിൽ അടിച്ചെടുക്കുക.അതിനു ശേഷം മാങ്ങാ, തേങ്ങ, ചെറിയ ഉള്ളി ഇവയെല്ലാം കൂടി അടിച്ചെടുക്കുക. നേരത്തെ അടിച്ചുവച്ച ചെമ്മീൻ, മാങ്ങാ അടിച്ചതിലോട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലോട്ട് ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ചേർത്താൽ അടിപൊളി ചെമ്മീൻ മാങ്ങാ ചമ്മന്തി റെഡി.