വീട്ടില്‍ തന്നെയുള്ള ചേരുവകള്‍ കൊണ്ട് ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന പനീര്‍പ്പെട്ടി തയ്യാറാക്കാം
ചേരുവകൾ
മൈദ : ഒരു കപ്പ്
മുട്ട : നാലെണ്ണം
കശുവണ്ടി, ഉണക്കമുന്തിരി : ആവശ്യത്തിന്
നെയ്യ് : ആവശ്യത്തിന്
പഞ്ചസാര: മൂന്ന് സ്പൂണ്‍
റോസ് വാട്ടര്‍: അല്‍പം
തയാറാക്കുന്ന വിധം
ആദ്യം മൈദയും ഒരു മുട്ടയും അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ അടിച്ചെടുക്കുക. ഒരു പാനില്‍ നെയ്യ് ചൂടാകുമ്പോള്‍ കശുവണ്ടി മുറിച്ചതും ഉണക്കമുന്തിരിയും ചേര്‍ത്തശേഷം മൂന്ന് സ്പൂണ്‍ പഞ്ചസാരയും മൂന്ന് മുട്ടയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇനി ദോശക്കല്ലില്‍ അല്‍പം നെയ്യ് തടവിയശേഷം, ദോശ ഉണ്ടാക്കിവെക്കുക. അതില്‍ മുട്ടക്കൂട്ട് വെച്ച് നാലായി മടക്കണം. പിന്നെ അരക്കപ്പ് പഞ്ചസാരയില്‍ അര ഗ്ലാസ് വെള്ളമൊഴിച്ച് പാനിയുണ്ടാക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കാം. എന്നിട്ട് പനീര്‍പ്പെട്ടിയുടെ മുകളില്‍ ഒഴിച്ചുകൊടുക്കാം.