Kerala

പാലക്കാടും കോഴിക്കോടും വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം; അട്ടപ്പാടിയിൽ റോഡ് ഒലിച്ചുപോയി

കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ വടക്കൻ കേരളത്തിലും വ്യാപക നാശനഷ്ടം. പാലക്കാടും കോഴിക്കോടും വെള്ളക്കെട്ടിൽ വീണ് രണ്ട് പേർ മരിച്ചു. അട്ടപ്പാടിയിൽ റോഡ് ഒലിച്ചുപോയി. പാലക്കാട് മീൻ പിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമിറ്റക്കോട് സ്വദേശി സുരേഷ് ആണ് മരിച്ചത്.

കോഴിക്കോട് കുണ്ടായത്തോട് റോഡിനോട് ചേർന്നുള്ള തോട്ടിൽ 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയിൽ തോട്ടിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അട്ടപ്പാടി ധോണിഗുണ്ട് – കാരറ റോഡിലെ അപ്രോച്ച്‌റോഡാണ് നശിച്ചത്. കോഴിക്കോട് കോരപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.

ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പുള്ള വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലും മഴയും കാറ്റും ശക്തമാണ്. പാലക്കാട് ജില്ലയിലെ പടലിക്കാട് കനത്ത മഴയെ തുടർന്ന് വീട് പൂർണമായും തകർന്നു. സഹോദരങ്ങളായ അജയന്റെയും ചെന്താമരയുടേയും വീടാണ് തകർന്നത്. നെല്ലിയാമ്പതിയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. മരം വീണ് വിനോദ സഞ്ചാരികൾ കുടുങ്ങി.