എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായവർക്ക് ജാമ്യം അനുവദിക്കരുതെന്ന് സത്യവാങ്മൂലം ഫയല്‍ ചെയ്ത് കേരളം. ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നത് സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
ഷാന്‍ വധക്കേസില്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആണെന്നും രാഷ്ട്രീയമായും സാമൂഹികമായും സ്വാധീനം ഉള്ളവര്‍ ആണെന്നും. ഇവര്‍ ജാമ്യത്തില്‍ കഴിഞ്ഞാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ ഷാന്‍ വധക്കേസിലെ ആർഎസ്എസുകാരായ 9 പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ ഹൈക്കോടതി വിധിക്ക് എതിരെ പ്രതികളായ അഭിമന്യു, അതുല്‍, സനന്ദ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ സമർപ്പിച്ച ഈ ഹർജിക്കെതിരെയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം കേരളം ഫയൽ ചെയ്തിരിക്കുന്നത്.
STORY HIGHLIGHT: ks shane murder case