കൊച്ചിയില്‍ മറിഞ്ഞ ചരക്കു കപ്പലില്‍ ഉണ്ടായിരുന്ന കൂടുതൽ കണ്ടയ്‌നറുകൾ കൊല്ലം തീരത്തേക്കെത്തുന്നു. ആലപ്പുഴ തീരത്തേക്കും കണ്ടെയ്നറുകൾ ഒഴുകിയെത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കണ്ടെയ്നറുകൾ എല്ലാം പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകൊണ്ട് ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടെയ്നറുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തും.
നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശത്ത് രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശത്ത് മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഭാഗത്ത് ഒന്ന് എന്നിങ്ങനെ 12 കണ്ടെയ്നറുകൾ ആണ് കൊല്ലം തീരത്തേക്ക് എത്തിയിട്ടുള്ളത്. കരിത്തുറ ഭാഗത്തു കണ്ട കണ്ടെയ്നർ തീരം തൊട്ടിട്ടില്ല. കണ്ടെയ്നറുകളോ ചരക്കോ കടലിൽ ഒഴുകുന്നത് കണ്ടാൽ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് എംഎസ്സി എൽസ 3 എന്ന കപ്പൽ അപകടത്തിൽ പെടുന്നത്. കണ്ടെയ്നറുകൾ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്. കണ്ടെയ്നറുകളിൽ പലതും കേരള തീരത്ത് ഇറക്കാനുള്ളതല്ലെന്നാണ് സൂചന. എന്നാൽ കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തൽ. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല.
STORY HIGHLIGHT: containers that fell into the sea