Kerala

കാത്തിരിപ്പിനൊടുവില്‍ അബ്ദുല്‍ റഹീം മോചനത്തിലേക്ക്; ഒന്നര വർഷം കൂടി ജയിലില്‍ കഴിയണം- abdul rahim

സൗദി അറേബ്യയിലെ ജയിലില്‍ കൊലപാതക കേസില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചനത്തിലേക്ക്. 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് റിയാദ് കോടതി ഇന്ന് ഇത്തരവിട്ടു. അതിനാൽ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒന്നര വർഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പബ്ലിക് റൈറ്റ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്. അടുത്ത വര്‍ഷം ഡിസംബറോടെ റഹീമിന് മോചനമുണ്ടാകും.

34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാക്കത്തതിനാലായിരുന്നു അനിശ്ചിതത്വം തുടരാൻ കാരണമായത്.

2006ലാണ് അന്ന് 26 വയസുകാരനായ അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

STORY HIGHLIGHT: abdul rahim