യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിവി അൻവർ മുന്നോട്ടുവെച്ച കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകും. ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിഷയത്തെക്കുറിച്ച് കെപിസിസി പ്രസിഡൻറിനോഡോ പ്രതിപക്ഷ നേതാവിനോടോ സംസാരിക്കാൻ പറ്റിയിട്ടില്ല. അൻവർ രാജി വെക്കാനുണ്ടായ കാരണം സർക്കാരിനെതിരായ നിൽപാടിന്റെ ഭാഗമാണ്. അതിൽ അദ്ദേഹം ഉറച്ചു നിൽക്കുമെന്നാണ് പ്രതീക്ഷ. ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്. പി വി അൻവറുമായി ഉണ്ടായ കമ്മ്യൂണികേഷൻ ഗ്യാപ്പ് പരിശോധിക്കും. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. അൻവർ രാജിവെച്ച പൊതു ആവശ്യത്തിനായി വർഷങ്ങളായി നിലകൊള്ളുന്നവരാണ് കോൺഗ്രസുകാർ. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.