ചേരുവകൾ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
നെയ്യ് -1 ടീസ്പൂൺ (optional )
പട്ട – ചെറിയ രണ്ട് കഷ്ണം
ഏലക്ക -3 എണ്ണം
ഗ്രാമ്പൂ -4 എണ്ണം
സവാള ചെറുതായി അരിഞ്ഞത് -1 എണ്ണം (വലുതാണെങ്കിൽ പകുതി മതി)
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1/2 ടീസ്പൂൺ
കാരറ്റ് ചെറുതായി അരിഞ്ഞത് -1/4 കപ്പ്
പച്ചമുളക് -1
പച്ച പട്ടാണി -1/4 കപ്പ് (optional)
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
കയമ അരി -2 കപ്പ്
വെള്ളം -4 കപ്പ്
മല്ലിയില
1. കുക്കർ അടുപ്പിൽ വെച്ചു അതിലേക്ക് വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് ചൂടാവുമ്പോൾ പട്ട ,ഗ്രാമ്പു ,ഏലക്ക എന്നിവ ചേർത്തു മൂപ്പിച്ചു ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്തു വഴറ്റുക.
2. സവാള ചെറുതായി ഒന്ന് വഴറ്റിയിട്ട് ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്തു അതിന്റെ പച്ചമണം മാറി വരുന്നത് വരെ വഴറ്റിയ ശേഷം കാരറ്റ് ,പച്ചമുളക് കീറിയത് ,പട്ടാണി എന്നിവ ചേർത്തു മിക്സ് ചെയ്ത് മഞ്ഞൾ പൊടിയും ചേർത്തു വഴറ്റുക.
3. ഇതിലേക്ക് വെള്ളമൊഴിച്ചു തിളപ്പിക്കുക.
4. തിളച്ചു വരുമ്പോൾ വെള്ളത്തിൽ ഉപ്പ് നോക്കിയിട്ട് കുറവുണ്ടെൽ ചേർക്കാം. വെള്ളത്തിൽ റൈസിലേക്ക് വേണ്ട ഉപ്പും കൂടി വേണം.
5. ഇനി ഇതിലേക്ക് കഴുകി ഊറ്റി വെച്ച അരി ചേർത്തു ഒന്ന് മിക്സ് ചെയ്ത് കുക്കർ അടച്ചു വെച്ചു രണ്ട് വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം.
6. ആവി പോയതിനു ശേഷം തുറന്ന് കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്തു മിക്സ് ചെയ്താൽ ചോറ് റെഡി..
ഇങ്ങനെ വെക്കുന്ന ഈ ചോറിന് കുസ്ക റൈസ് എന്നാണു ഞങ്ങളെ നാട്ടിലൊക്കെ പറയുന്നതു.ചെറിയ കുക്കറിലാണ് ഈ ഒരു അളവിൽ വെക്കുന്നത് എങ്കിൽ 1 വിസിൽ അടിച്ചാൽ മതി.ഞാനിവിടെ 5 ltr കുക്കർ ആണ് എടുത്തത്.
ഒട്ടുന്ന അരി ആണെങ്കിൽ വേവിക്കുമ്പോൾ 1 ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർത്തു വേവിച്ചാൽ കുഴഞ്ഞു പോവില്ല.