പയറുസഞ്ചി, മോദകം എന്നീ പേരുകളിൽ അറിയപ്പെടുന്ന മലയാളികളുടെ ഇഷ്ടവിഭവമാണ് സുഖിയൻ. നാട്ടിൻപുറങ്ങളിലെ ചായക്കടയിൽ ലഭിക്കുന്ന അതെ രുചിയിൽ തയ്യാറാക്കാം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ.
ചേരുവകൾ
- ചെറുപയർ – 1 കപ്പ്
- ചിരകിയ തേങ്ങ – 1 കപ്പ്
- ശർക്കര- 150 ഗ്രാം
- ഏലക്കായ പൊടി- 1 ടീസ്പൂൺ
- ജീരകം ചതച്ചത് – 1/ 2 ടീസ്പൂൺ
- മൈദ- 1 1 / 2 കപ്പ്
- അരിപ്പൊടി – 3 ടേബിൾസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1/ 2 ടീസ്പൂൺ
- ഉപ്പ് – 2 നുള്ള്
- വെള്ളം
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ നന്നായി കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കാം. 15 മിനിറ്റ് ചെറിയ തീയിൽ സ്റ്റൗ ഓഫ് ചെയ്യാം. ഇനി ശർക്കര ഒരു പാനിൽ ഇട്ടു മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര പാനി തയാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്കു ശർക്കര പാനി ഒഴിച്ച്. അതിലേക്ക് നാളികേരം ചിരകിയതും ചെറുപയർ വേവിച്ചതും ചേർത്ത് മിക്സ് ചെയ്തു ശർക്കര പാനിയിലെ വെള്ളം മുഴുവൻ വറ്റിച്ചെടുക്കുക. ഇനി ഇതിലേക്ക് ഏലക്കായ പൊടിയും ജീരകം ചതച്ചതും ചേർത്ത് യോജിപ്പിച്ച് അടുപ്പിൽ നിന്നും മാറ്റുക. ശേഷം തണുത്ത മിക്സ് ഓരോ ഉരുളകളാക്കി ഉരുട്ടി എടുക്കുക.
ഒരു ബൗളിലേക്കു മൈദ, അരിപ്പൊടി ,മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക. ഇനി ചെറുപയർ ഉരുട്ടിയതു ഓരോ ബോൾസ് എടുത്തു മാവിൽ നന്നായി മുക്കിയ ശേഷം വെളിച്ചെണ്ണയിൽ ഇട്ടു വറുത്തെടുക്കുക.
STORY HIGHLIGHT: Kerala Style Sukhiyan