യാത്രകൾക്ക് കൂട്ടായി അമ്മയെ ലോകം ചുറ്റിച്ച മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകൾ പുസ്തക രൂപത്തിൽ. കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി പുസ്തകം പ്രകാശനം ചെയ്തു. സംവിധായകൻ മേജർ രവി പുസ്തക വിവരണം നടത്തി. ശരത് കൃഷ്ണന്റെ യാത്രകൾക്ക് പ്രചോദനമായ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിക്കൊണ്ടാണ് അ യുടെ പ്രകാശനം നടന്നത്. ചടങ്ങിൽ വിജയ് യേശുദാസും സാക്ഷിയായി.
അമ്മയ്ക്കൊപ്പമുള്ള തന്റെ യാത്രാനുഭവം പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ് ശരത് കൃഷ്ണൻ. ‘അ’ എന്ന പേരിലിലാണ് യാത്രാനുഭവം പുറത്തിറക്കിയിക്കുന്നത്. അമ്മയ്ക്കൊപ്പമുള്ള സഞ്ചാരമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പുസ്കതരൂപത്തിൽ അനുഭവം വായനക്കാരിലേക്ക് എത്തുമ്പോൾ ഓരോ അമ്മമാർക്കുമുള്ള സമർപ്പണമാണിതെന്നും ശരത് കൃഷ്ണൻ പറഞ്ഞു. അഞ്ച് വയസിൽ തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ ഓർമകളുമായിട്ടാണ് ഹൈബി ഈഡൻ എം.പി വേദിയിലെത്തിയത്. ശരത് കൃഷ്ണനും ഗീതമ്മയ്ക്കും ആശംസയും അദ്ദേഹം നേർന്നു.
അമ്മയെന്നത് അത്യപൂർവമായ വാത്സ്യല്യമാണെന്നും തന്റെ അമ്മയെ ഒരിക്കൽ പോലും യാത്ര കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നും പുസ്തകം വിവരണം നടത്തി രവിയുടെ വികാരഭരിതമായ വാക്കുകൾ. യാത്രകൾക്ക് അമ്മയെ കൂടെ കൂട്ടിയ ശരത് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അടുക്കളയിൽ സ്വപ്നങ്ങൾ ഒതുക്കുന്ന ഒരുപാട് അമ്മമാർക്കുള്ള സമർപ്പണമാകും ഈ പുസ്തകമെന്നും മേജർ രവി പ്രതികരിച്ചു.
ചടങ്ങിലേക്ക് വിജയ് യേശുദാസ് അടക്കം നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു. പാട്ടും കഥപറച്ചിലുമൊക്കെയായി ആഘോഷങ്ങൾക്ക് പുസ്തക പ്രകാശന വേദി സാക്ഷ്യം വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ജ്യോതിഷ് കുമാർ അടക്കമുള്ള പ്രമുഖരും, പങ്കാളികളായി.
STORY HIGHLIGHT: Sarath Krishnan’s travels