ലഹരി കൂടുതലുള്ള വൈൻ കുടിക്കുന്ന ചൈനാക്കാരിലും കൂടുതൽ ചൂടോടെ കാപ്പി കുടിക്കുന്ന ശീലമുള്ള സ്കോട്ട് ലൻഡ്കാരിലും ലഹരികൂടിയ മദ്യം കുടിക്കുന്ന സ്വഭാവമുള്ള റഷ്യക്കാരിലും ജപ്പാൻകാരിലും അന്നനാളത്തിലെ കാൻസർ കൂടുതലായി കാണാറുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.
അനാരോഗ്യ ജീവിതശൈലി,ആഹാരശീലങ്ങൾ
ചൂട് കൂടുതലുള്ള ആഹാരങ്ങളും പാനീയങ്ങളും പതിവായി കഴിക്കുന്ന ശീലവും കൂടുതൽ മദ്യം കുടിക്കുന്നതും അന്നനാളത്തിൽ കാൻസർ സാധ്യത കൂടുതലാകുന്നതിനു കാരണമാകും. അനാരോഗ്യ ജീവിതശൈലിയും ആഹാരശീലങ്ങളുമാണ് മറ്റു കാരണങ്ങൾ. അണുബാധകൾ വേറെ ഒരു പ്രധാന കാരണമാണ്.
ഗ്യാസെന്ന കരുതി സ്വയംചികിത്സ നടത്തിയാൽ…
അന്നനാളത്തിൽ കാൻസർ ഉണ്ടാകുമ്പോൾ ആദ്യകാലത്ത് കാര്യമായ അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടാറില്ല. ഇതു കാരണമാണ് പലപ്പോഴും ഇത് നേരത്തേ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതും. ഈ കാൻസറിന് ആദ്യം അനുഭവപ്പെടുന്ന അസ്വസ്ഥത നെഞ്ചെരിച്ചിൽ ആയിരിക്കും. ഈ സമയത്ത് കൂടുതൽ പേരും ചെയ്യാറുള്ളത് മരുന്നുകടകളിൽ പോയി
വിവരം പറഞ്ഞ് ഗ്യാസിനുള്ള മരുന്നുകൾവാങ്ങി കഴിക്കുകയാണ്!
ആഹാരം വിഴുങ്ങുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടും എന്നുള്ളതാണ് ഈ കാൻസറിൽ പ്രകടമാകുന്ന ലക്ഷണം. അപ്പോഴേക്കും രോഗം മുന്നോട്ടുപോയിട്ടുണ്ടാവും. രോഗനിർണയവും ചികിത്സയും ശരിയായ രീതിയിൽ ആരംഭകാലത്തുതന്നെ കൈകാര്യം ചെയ്യാതിരിക്കുന്നവരിൽ ക്രമേണ, പാനീയങ്ങൾ കുടിക്കാൻ പോലും പ്രയാസം അനുഭവപ്പെടുന്നതാണ്. ഒടുവിൽ ഉമിനീർ ഇറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാകും. രോഗം ഗുരുതരമായ അവസ്ഥയിലായാൽ പോലും വേദന അനുഭവപ്പെടാറില്ല എന്നുള്ളത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്.
വിദഗ്ധ ശാസ്ത്രീയ ചികിത്സ
ആഹാരം കഴിക്കാൻ എന്തെങ്കിലും പ്രയാസമോ നെഞ്ചെരിച്ചിലോ പുളിച്ചുതികട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുകയും ഡോക്ടറെ കാണുകയും അദ്ദേഹം പറയുന്ന പരിശോധനകൾ നടത്തുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുകയാണെങ്കിൽ ഈ കാൻസർ കൂടുതൽ പേരിലും പ്രതിരോധിക്കാൻ കഴിയും. ഈ കാൻസറിന് ചികിത്സ ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ടത് അണുബാധകളെ കൈകാര്യം ചെയ്യുന്നതിൽ ആയിരിക്കണം. ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് അത് വളരെ ലളിതവുമാണ്.