തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിര്‍മ്മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്‍ അപകടം. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സെറ്റില്‍ പ്രളയം വന്നത് പോലെയായിരുന്നു ഈ സമയത്ത് അവസ്ഥ എന്നാണ് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്നത്.
വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാര്‍ക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്.
ജൂണ്‍ 12 ഉച്ചയ്ക്ക് ശേഷം നടന്ന ഈ അപകടത്തെ തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രാം ചരണ്‍-നിഖില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം, രാം ചരണിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. സായി മഞ്ജരേക്കയാണ് ചിത്രത്തിലെ നായിക. അതേസമയം നായകന് നിഖില്‍ സിദ്ധാര്‍ത്ഥ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു ‘ഞങ്ങള്‍ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്’.
A major accident happened on the sets of #RamCharan's maiden production, '#TheIndiaHouse', starring #NikhilSiddhartha. pic.twitter.com/7R427mWYru
— Hyderabad Times (@HydTimes) June 12, 2025
അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. നിലവില്‍, പരിക്കേറ്റവരുടെ ആരോഗ്യനില സ്ഥിരതയുള്ളതാണെന്നും ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘ദി ഇന്ത്യ ഹൗസ്’ എന്ന ഈ ചിത്രം, സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പിരീഡ് ഡ്രാമയാണ്.