ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനസർവീസുകൾ താളം തെറ്റുന്നു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്.
ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇറാന് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിച്ചതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിച്ചു. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബായ് വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചത്.
യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിവിധ വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.