ജോർജിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ടുബിലിസിയ. ടുബിലിസിയ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം വസന്തകാലവും ശൈത്യകാലവും ആണ്. ഏപ്രിൽ മുതൽ ജൂൺ വരെ വസന്തകാലം ആയതിനാൽ, മിതമായ താപനില, പുഷ്പങ്ങൾ പൂക്കുന്ന മനോഹരമായ കാഴ്ചകൾ, സൗമ്യമായ കാലാവസ്ഥ എന്നിവ അനുഭവപ്പെടും. സെപ്റ്റംബർ മുതൽ നവംബർ വരെ ശൈത്യകാലം ആയതിനാൽ തണുത്തതും മനോഹരവുമായ കാലാവസ്ഥ, വർഷം കുറവുള്ള സമയം എന്നിവ അനുഭവപ്പെടും.
പൗരാണികതയും ആധുനികതയും ഒരുമിച്ച നഗര കാഴ്ചകളുടെ മനോഹരമായ സ്ഥലമാണിവിടം. ടുബിലിസിയയുടെ മോഹിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് ഓരോ ചിത്രങ്ങളുടെയും ആകർഷണീയത. ജോര്‍ജിയയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവുമായ ടുബിലിസിയ അഥവാ ‘തിഫ്‌ലിസ്’ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര നഗരമാണ്. കുറാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ വലിയ നഗരത്തിൽ ഏകദേശം 1.5 മില്യനോളം ആളുകള്‍ വസിക്കുന്നതായാണ് കണക്ക്. അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട നഗരം പിന്നീട് 29 തവണയോളം പുതുക്കിപ്പണിതു. ഇടുങ്ങിയ ഇടവഴികളും ചെറിയ മുറ്റങ്ങളോടെ നിർമ്മിച്ച വലിയ വീടുകളും നിറഞ്ഞ ടുബിലിസിയ ലോക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തികച്ചും സുന്ദരമായ ഒരു അനുഭവമാണ്.
ടുബിലിസിയയിലെത്തുന്ന അതിഥികളിൽ ഏറെ പേരും ആസ്വദിക്കുന്ന ഒന്നാണ് സൾഫർ ബാത്ത്. പഴയ പട്ടണത്തിന്റെ നടുവിലുള്ള അബനോടുബാനി ജില്ലയിലാണ് പ്രസിദ്ധമായ സൾഫർ ബാത്ത് നടത്താനുള്ള സൗകര്യമുള്ളത്. ഇവിടെ ഒരു ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിച്ച ശേഷം റിലാക്സ് ചെയ്ത് തിരിച്ചു പോകാം, പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളില്‍ വലിയൊരു ആശ്വാസമാണിത്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കും ഈ സ്ഥാപനങ്ങൾ. ടുബിലിസിയയുടെ തുടക്കകാലം മുതല്‍ക്കേയുള്ള സംവിധാനമാണിത്.
പള്ളികള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ. ടുബിലിസിയയിലെ ഏറ്റവും വലിയ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പ്രാദേശികമായി അറിയപ്പെടുന്നത് സമേബ എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കത്തീഡ്രലായ ഇതിനു 97.5 മീറ്റര്‍ ആണ് ഉയരം.
ടുബിലിസിയയുടെ ഏറ്റവും ഉയർന്ന പ്രദേശത്താണ് റ്റാറ്റ്സ്മിന്‍ഡ പാർക്ക് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റു വിനോദങ്ങള്‍ക്കൊപ്പം ചുറ്റുമുള്ള നഗരത്തിന്‍റെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നാസ്വദിക്കാം. 770 മീറ്റർ ഉയരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 100 ഹെക്ടറിലധികം വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ വാട്ടർ സ്ലൈഡുകൾ, റോളർ-കോസ്റ്റർ, മലയുടെ അറ്റത്തായി ഫെറിസ് വീല്‍ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്നു. റോപ്വേ റെയില്‍വേയായ ഫ്യൂണിക്കുലാര്‍ വഴിയോ ബസ് വഴിയോ ഇവിടെയെത്താം.
ചർച്ച്‌ചെല, തക്ൽപി എന്നിങ്ങനെ രണ്ടുതരം കാന്‍ഡികള്‍ ആണ് ജോര്‍ജിയയില്‍ പ്രധാനമായും ഉള്ളത്. തെരുവുകളിലെ പഴയ ബാബുഷ്കകളിലാണ് ഇവ ഉണ്ടാക്കുന്നത്. വലിയ കടക്കാര്‍ ഇവരില്‍ നിന്നും അത് വാങ്ങിച്ച് വില്‍പ്പനയ്ക്ക് വെക്കുന്നു. ടുബിലിസിയയില്‍ എവിടെ നോക്കിയാലും ഇത്തരത്തിലുള്ള കടകള്‍ കാണാം. വീഗന്‍ ഭക്ഷണരീതി പിന്തുടരുന്ന ആളുകള്‍ ആണ് ജോര്‍ജിയയില്‍ കൂടുതല്‍. അതുകൊണ്ടു തന്നെ ധാരാളം വെജിറ്റേറിയന്‍/വീഗന്‍ കഫേകള്‍ ഇവിടെ കാണാം. ചൈനീസ്, മെക്സിക്കന്‍, തായ് ഭക്ഷണങ്ങളും കിട്ടും. മുട്ടയും ചീസും ബ്രഡും ഉപയോഗിച്ച് ഉണ്ടാക്കുന്ന ‘ഖച്ചപുരി’യാണ് ഇവിടെ ഏറ്റവും കൂടുതലായി കിട്ടുന്ന വിഭവം. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ പല പല രൂപത്തില്‍ ഇത് ഉണ്ടാക്കുന്നു.
നഗരത്തിലേക്ക് ദൃഷ്ടികള്‍ പായിച്ചു കൊണ്ട് ഏറ്റവും ഉയരമുള്ള പ്രദേശത്താണ് മദര്‍ ജോര്‍ജിയയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. സിറ്റിയുടെ കിഴക്കന്‍ ഭാഗത്തു നിന്നും കേബിള്‍ കാറില്‍ ഇവിടെയെത്താം. ഈ യാത്രയില്‍ കാണാവുന്ന പുരാതനമായ നഗരക്കാഴ്ചകളും അവിസ്മരണീയമായ അനുഭവമായിരിക്കും.
ടുബിലിസിയയിലെത്താന്‍ : ഇന്ത്യയില്‍ നിന്നും ടുബിലിസിയയിലേക്ക് ഫ്ലൈറ്റ് സര്‍വീസ് ഉണ്ട്. എയര്‍പോര്‍ട്ട് ടെർമിനലിന് പുറത്തു നിന്നും N37 ബസിലാണ് പോകേണ്ടത്. ഓരോ 35 മിനിറ്റ് കൂടുമ്പോഴും ബസുണ്ട്.