ആറു പതിറ്റാണ്ടോടടുക്കുന്ന സിപിഎമ്മിന് നൂറു പിന്നിട്ട് ഒരു നേതാവുണ്ട്, ഇങ്ങ് കേരളത്തിൽ. പുന്നപ്രയിലും വയലാറിലും അങ്ങനെ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഓടിനടന്ന് അയാൾ പാർട്ടിയെ കെട്ടിപ്പടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിറ്റിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്നയാളാണ് വേലിയ്ക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന സഖാവ് വി എസ്. ആരോഗ്യപരമായ പ്രശ്നങ്ങളാൽ സഖാക്കളുടെ സഖാവ് വി എസ് കഴിഞ്ഞ ഏതാനും കുറേ ദിവസങ്ങളായി ആശുപത്രി വാസത്തിലാണ്. വി.എസില്ലാത്ത പാർട്ടി ശൂന്യമാണ്. സ്നേഹനിധിയായ സഖാവ് വി.എസ്. രാഷ്ട്രീയ മതിൽക്കെട്ടുകൾക്കപ്പുറം എല്ലാവർക്കും ഒരു പാഠമാണ്. വിഎസിന്റെ അനുഭവം കേരളത്തിന്റെ ചരിത്രം കൂടിയാണ്.
പാർട്ടിയിൽ വിഭാഗീയത കൊടുമ്പിരി കൊണ്ടുനിന്ന കാലത്തും സഖാവ് വി എസ് അച്ചടക്കമുള്ള ഒരു പാർട്ടി കേഡർ തന്നെയായിരുന്നു. തൊഴിലാളികളെ സംഘടിപ്പിച്ചു അവരിൽ വർഗബോധം ഊട്ടി ഉറപ്പിച്ചു അവകാശങ്ങൾ നേടിയെടുക്കുന്നതിൽ നന്നേ ചെറുപ്പത്തിൽ വി എസിനു കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് രാഷ്ട്രീയ കേരളത്തിൽ നിറഞ്ഞുനിന്ന സഖാവ് വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച, പാർലമെന്ററി രംഗത്തെ നിറസാന്നിധ്യമായിരുന്നു. സംഘടനാ രംഗത്തും, പാർലമെന്ററി രംഗത്തും അയാൾ ഒരുപോലെ ശോഭിച്ചു. മറുപടി പറയേണ്ടിടത്ത് മുഖം നോക്കാതെ കർക്കശകാരനായ കമ്മ്യൂണിസ്റ്റായി നിലകൊണ്ടു
ആലപ്പുഴ സമ്മേളനത്തിൽ നിരാശനായി വേദി വിട്ട വി എസ് തിരികെ എത്തിയതും, മാരാരികുളത്തെ അപ്രതീക്ഷിത തോൽവി മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയപ്പോളും, ആ തോൽവി കൂടെ നിന്നവർ സമ്മാനിച്ചതാണെന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നപ്പോഴും വി എസ് അടിയുറച്ചു നിന്നത് സി പി എം എന്നാ മഹാ പ്രസ്ഥാനത്തിനൊപ്പം തന്നെയാണ്. കോട്ടയത്തു വി എസ് നു നേരെ പ്രവർത്തകർ കുപ്പി എറിഞ്ഞപ്പോഴും മുഖത്ത് തെല്ലും പരിഭവം കണ്ടിരുന്നില്ല. തന്നെ താനാക്കി മാറ്റിയ പ്രസ്ഥാനത്തെ അയാളെന്നും നെഞ്ചേറ്റിയിരുന്നു.
വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകുന്നതിലും വി എസ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പശു മാതാവാണെന്ന് പറയുന്നവർ കാളയെ അച്ഛനെന്ന് വിളിക്കുമോ എന്നുള്ളതും, തല നരയ്ക്കുവതെല്ലെൻ എന്ന നാലുവരിയും എതിരാളികളെ നിശബ്ദരാക്കി കളയുകയാണ് യഥാർഥത്തിൽ ചെയുന്നത്. രാഹുൽ ഗാന്ധിയെ അമുൽ ബേബിയെന്ന് ആദ്യം പരസ്യമായി വിമർശിച്ചതും വി എസ് തന്നെയാണ്. വിമർശനങ്ങൾ ഉന്നയിക്കാൻ വേണ്ടി ഉന്നയിച്ചില്ല എന്നതും അദ്ദേഹത്തിന്റെ പ്രത്യേകത തന്നെയാണ്. അതിരു കടക്കുമ്പോൾ ഒരു ചിരിയിൽ അയാളെല്ലാം ഒതുക്കിയിരുന്നു.
ടി പി ചന്ദ്രശേഖരൻ വധകേസിൽ കെ കെ രമയെ ആശ്വസിപ്പിക്കുന്ന, കൈകൾ ചേർത്ത് പിടിച്ചു കരയുന്ന, അമ്മയെ ആശ്വസിപ്പിക്കുന്ന വി എസ് ന്റെ ചിത്രം മനുഷ്യ മനസുകളിൽ എന്നും ഇടം പിടിച്ചവയാണ്. വടകരയിൽ സിപിഎമ്മിൽ നിന്ന് പോയി ആർ എം പി രൂപീകരിച്ച ടി പി ചന്ദ്രശേഖരനു അന്തിമ അഭിവാദ്യം നേരാൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം വി എസ് എത്തിയത് മനുഷ്യത്വം മരിക്കാത്ത നേതാവിന്റെ മനസ് കൊണ്ടാണ്. മുന്നാറിൽ തോട്ടം തൊഴിലാളികൾ സമരം ചെയുമ്പോൾ വി എസ് ജീപ്പിൽ ചെന്നിറങ്ങി ഉദ്യോഗസ്ഥരെ ശാസിക്കുന്നത് അടിസ്ഥാന വർഗ്ഗത്തിനൊപ്പം എല്ലാകാലവും അയാൾ നിലകൊണ്ടതിന്റെ തെളിവാണ്. വളർച്ചയും വികസനവും ഉണ്ടാകേണ്ടത് അടിസ്ഥാന വർഗ്ഗത്തിലൂടെയാണെന്ന് വി എസിനു നല്ല ബോധ്യമായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വർഷങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുമ്പോൾ, അതിനു 100 വയസ് തികഞ്ഞ നേതാവുണ്ട്. പലവിധ പ്രതിസന്ധികളെയും അതിജീവിച്ചു അയാൾ നടന്നു നീങ്ങിയത് കേരളത്തിന്റെ ചരിത്രത്തിലേക്കാണ്. വിഭജന കാലത്ത് പാർട്ടി വിട്ടിറങ്ങി സിപിഎം രൂപീകരിക്കുമ്പോൾ അന്ന് അതിൽ ഉണ്ടായിരുന്ന ഒരാൾ കൂടിയാണ് സഖാവ് വി എസ്.
content highlight: Comrade V S