തിയേറ്ററുകളിൽ നാളെ റിലീസിനെത്തുന്ന ഉണ്ണു മുകന്ദൻ ചിത്രം മാർക്കോ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. ഓൺലൈൻ ബുക്കിങിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ഓൺലൈനിൽ വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പല തിയറ്ററുകളിലും ആദ്യ ഷോ ഏതാണ്ട് ഹൗസ്ഫുൾ ആയി കഴിഞ്ഞു. ബുക്ക് മൈ ഷോ ബുക്കിംഗിൽ മാത്രം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇന്ററസ്റ്റ് ചിത്രത്തിന് വന്നിരിക്കുന്നു. ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരമുളള കണക്കാണിത്. ക്രിസ്മസ് റിലീസ് ആയി അഞ്ചു ഭാഷകളില്‍ തീയറ്ററുകളില്‍ എത്തുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രം എന്ന വിശേഷണത്തോടുകൂടിയാണ് എത്തുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു മാര്‍ക്കോയ്ക്ക് സെൻസർ ബോർഡ് നൽകിയിരുന്നത്. മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്റ് ചിത്രമായിരിക്കും ‘മാർക്കോ’യെന്നാണ് റിപ്പോർട്ടുകൾ.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ഡേ കളക്ഷൻ നേടുന്ന ചിത്രമായി ‘മാർക്കോ’ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു മണിക്കൂർ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാർക്കോയുടെ ദൈർഘ്യം. 100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിനെ തന്നെ മാറ്റാൻ ശേഷിയുള്ള ബിഗ് ബജറ്റ് സിനിമയാണ് ‘മാർക്കോ’ എന്നാണ് നിലവിലെ കണക്കുകൂട്ടൽ.
‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.