ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രമാണ് ഇ.ഡി അഥവാ എക്സ്ട്രാ ഡീസന്റ്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറെന്ന് ടീസറില്‍ വ്യക്തമാണ്. ക്രിസ്തുമസ് റിലീസില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകാനുള്ള ചേരുവകളുള്ള ചിത്രം ഇ.ഡി യുടെ ട്രെയ്ലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തീർത്തും വ്യത്യസ്തമായ ലുക്കിലുള്ള സുരാജ് വെഞ്ഞാറമ്മൂടിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ചിത്രത്തിൽ ഒരു സൈക്കോ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റേതായി മുമ്പ് പുറത്തു വന്ന ടീസർ നൽകുന്ന സൂചന. കുടുംബവും ആ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ വിനു എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
അഭിനയ ജീവിതത്തില്‍ നിന്ന് നിര്‍മ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് എക്സ്ട്രാ ഡീസന്റ്. സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമിക്കുന്നത്. സുരാജിനെക്കൂടാതെ ഗ്രേസ് ആന്റണി, ശ്യാം മോഹൻ എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്. സുധീർ കരമന, ദിൽന പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, വിനയപ്രസാദ്, റാഫി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസും മ്യൂസിക് ചെയ്തിരിക്കുന്നത് അങ്കിത് മേനോനും എഡിറ്റിങ്ശ്രീ നിർവഹിച്ചിരിക്കുന്നത് ജിത്ത് സാരംഗുമാണ്.