ദോശ, ഇഡലി എന്നിവ കഴിക്കാൻ ചട്ണി നിർബന്ധമാണ് പലർക്കും. എന്നാൽ തേങ്ങാ ചട്ണി കഴിച്ച് മടുത്തവർക്ക് ഉള്ളിയും തക്കാളിയും ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തട്ടുകട സ്റ്റൈൽ തക്കാളി ചട്ണി തയ്യാറാക്കാം.
ചേരുവകൾ
- ചെറിയുള്ളി – 10 മുതൽ 15 വരെ
- വലിയ ഉള്ളി – 1
- തക്കാളി – 2
- വെളുത്തുള്ളി – 5 അല്ലി
- ഉണക്കമുളക് – 5
- ജീരകം – 1/2 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- കറിവേപ്പില – 1 കുല
- വെളിച്ചെണ്ണ – 3 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മികസർ ജാറിലേക്ക് ഉണക്കമുളക്, ജീരകം, ചെറിയുള്ളി, വെളുത്തുള്ളി, അരിഞ്ഞു വച്ച തക്കാളി, ഉള്ളി, ഉപ്പ് എന്നിവയിട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പില കൂടിയിട്ടതിന് ശേഷം നേരത്തെ അരച്ച് വച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ തട്ടുകട സ്റ്റൈൽ ചട്ണി തയ്യാർ.
STORY HIGHLIGHT : onion tomato chutney