തമിഴ് സിനിമാ ലോകത്തെ ഇഷ്ട താരമാണ് വിജയ്. എന്നാൽ വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയുടെ ശത്രുക്കളുടെ എണ്ണം കൂടി. അതിന്റെ ബാക്കിയാണ് വിജയ്-തൃഷ സുഹൃദത്തെ വക്രീകരിച്ചുകൊണ്ടുള്ള സോഷ്യൽമീഡിയ പ്രചരണമെന്നാണ് ഇപ്പോഴത്തെ ആരോപണം. ഈ മാസം 12ാം തീയതി നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും ഒന്നിച്ച് പോയതിന്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന പ്രചാരണം.
ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡിഎംകെയെ വിമര്‍ശിച്ചുമാണ് അണ്ണാമലൈ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഡിഎംകെയുടെ ഐ.ടി വിങ്ങിന് വിജയുടെയും തൃഷയുടെയും വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ കൈമാറിയെന്നാണ് അണ്ണാമലൈയുടെ ആരോപണം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇതു സംബന്ധിച്ച പരാതി നല്‍കുമെന്നും അണ്ണാമലൈ പറഞ്ഞു.
‘വിജയ്ക്കൊപ്പം ആരു വേണമെന്നുള്ളത് വിജയുടെ തീരുമാനമാണ്. പ്രചരിക്കുന്ന ഫോട്ടോ ആര് പുറത്ത് വിട്ടു? ഇങ്ങനെ വരുന്നവരുടെ ഫോട്ടോയെടുക്കുന്നതാണോ സ്റ്റേറ്റ് ഇന്റലിജന്‍സിന്റെ ജോലി. അദ്ദേഹം ബിജെപിക്ക് എതിരെയാണ് സംസാരിക്കുന്നതെങ്കിലും അയാളുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആര്‍ക്കും അവകാശമില്ല. ഇതാണോ നിങ്ങള്‍ കാണിക്കേണ്ട രാഷ്ട്രീയ സംസ്കാരം?’ അണ്ണാമലൈ ചോദിക്കുന്നു.
വിവാഹചടങ്ങിൽ പങ്കെടുക്കാൻ വിജയും-തൃഷയും ഗോവയിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചുനടന്ന പരിശോധനയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് ഈ വീഡിയോ ആക്കം കൂട്ടി. ഇതോടെ ഇരുവര്‍ക്കും നേരെ കടുത്ത് സൈബര്‍ ആക്രമണമാണ് ഉയര്‍ന്നത്. വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സേവ് സംഗീത ക്യാംപയിനും വ്യാപകമായി. എന്നാല്‍ വിജയോ തൃഷയോ തമിഴക വെട്രി കഴകമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.