മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ‘ബറോസിന്’ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ സന്തതസഹചരിയായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ.
വൂഡൂ എന്നാണ് ഈ അനിമേഷൻ കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകളിലെല്ലാം വൂഡൂ സജീവ സാന്നിധ്യമായിരുന്നു. കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ആയിരുന്നു വൂഡൂവിന്റെ ക്യരക്ടർ മോഹൻലാൽ റിവീൽ ചെയ്തത്. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഇതിനെ മോഹൻലാൽ വിശേഷിപ്പിച്ചത്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും.
‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
പൃഥ്വിരാജിന്റെ എമ്പുരാൻ, തരുണ്‍ മൂര്‍ത്തിയുടെ തുടരും തുടങ്ങിയ സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കണ്ണപ്പ എന്നൊരു ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മഹേഷ് നാരായണൻ ചിത്രത്തിലാണ് അടുത്തിടെ മോഹൻലാൽ അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, മമ്മൂട്ടി എന്നിവരും സിനിമയിലുണ്ട്.