സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ഇ ഡി അഥവാ എക്സ്ട്രാ ഡീസന്റ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുരാജിലെ അഭിനേതാവിനെ ആഘോഷിക്കുന്ന ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് സീരിയസ് സ്വഭാവമുള്ള ക്യാരക്റ്റര്‍ റോളുകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. അസാധാരണ സ്വഭാവമുള്ള ബിനു എന്ന കഥാപാത്രത്തിലൂടെ കുടുംബ പശ്ചാത്തലത്തില്‍ ഒരു ഡാര്‍ക് ഹ്യൂമര്‍ ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന് ആമിര്‍ പള്ളിക്കല്‍.
ഉണ്ണി മുകുന്ദന്റെ മാസ് ചിത്രം മാർക്കോയോടും ആഷ്ഖ് അബുവിന്റെ കിടു ചിത്രം റൈഫിൾ ക്ലബിനോടും എല്ലാം മത്സരിച്ചിട്ടും എക്സ്ട്രാ ഡീസന്റിന് എങ്ങും നല്ല പ്രതികരണമാണ്. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇ ഡി കാണാൻ തിയറ്ററിൽ എത്തിയത്. ഇ ഡി പ്രദർശിപ്പിക്കുന്ന മിക്ക തിയറ്ററുകളിലും വീക്കെൻഡിൽ ഹൗസ്ഫുൾ ഷോകൾ ആയിരുന്നെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. സുരാജും കൂട്ടരും ചേർന്ന് പ്രേക്ഷകർക്ക് ഒരു വൻ ചിരി ട്രീറ്റ് തന്നെയാണ് നൽകിയിരിക്കുന്നത്. സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങിയവർ ഇ ഡിയെ വിശേഷിപ്പിക്കുന്നത്. സാധാരണമെന്ന് തോന്നുന്ന ഒരു കുടുംബ പശ്ചാത്തലത്തില്‍ ജീവിക്കുന്ന, എക്സ്ട്രാ ഡീസന്റ് എന്ന് മറ്റുള്ളവരാല്‍ വിലയിരുത്തപ്പെടുന്ന കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ബിനു. എന്നാല്‍ ഈ വിലയിരുത്തലിന് യാഥാര്‍ഥ്യവുമായി വലിയ ബന്ധമില്ലെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നിടത്താണ് ആമിര്‍ പള്ളിക്കല്‍ കോമഡി വര്‍ക്കൗട്ട് ചെയ്ത് തുടങ്ങുന്നത്. സാദാ ചിരിപ്പടം എന്നതിനപ്പുറം ഡാർക്ക് ഹ്യൂമർ ജോണറിൽ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു.
കോമഡി ട്രാക്കിലൂടെയാണ് പോകുന്നതെങ്കിലും മനുഷ്യന്റെ സ്നേഹബന്ധങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന ബൃഹത്തായ ഒരു ദാര്‍ശനിക പ്രശ്നമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അത്തരത്തില്‍ വലിയൊരു വിഷയം രസിച്ച് കണ്ടിരിക്കാന്‍ പാകത്തില്‍ ഒരു ചിത്രമാക്കി ഒരുക്കിയതില്‍ സംവിധായകന് ആമിര്‍ പള്ളിക്കല്‍ കൈയടി അര്‍ഹിക്കുന്നു എന്ന പ്രതികരണമാണ് എങ്ങും.
ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളിലും മികവ് പുലര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇ ഡി. ഷാരോണ്‍ ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്റീരിയര്‍ രംഗങ്ങള്‍ അധികമുള്ള, കോമഡി ട്രാക്കിലൂടെയാണെങ്കിലും ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് വേഗതയുള്ളതും അതേസമയം ഗൗരവം ചോര്‍ന്നുപോകാത്തതുമായ ഒരു വിഷ്വല്‍ ലാംഗ്വേജ് ആണ് ഷാരോണ്‍ സൃഷ്ടിച്ചിരിക്കുന്നത്, ഉപയോഗിച്ചിരിക്കുന്ന കളര്‍ പാലറ്റ് ചിത്രത്തിന് ഫ്രഷ്നെസ് ഉണ്ടാക്കിയിട്ടുണ്ട്. അങ്കിത് മേനോന് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും.