പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലക്ക് ഒരു കുഴപ്പവുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.
മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്നു.
2017 മുതൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് അമീറുൾ ഇസ്ലാം. ആദ്യം പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിലായിരുന്നു ജോലി. പിന്നീട് നെയ്ത്ത് ജോലിയിലേക്ക് മാറി. നിലവിൽ ജയിൽ വളപ്പിലെ പച്ചക്കറി തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. പ്രതിദിനം 127 രൂപയാണ് വേതനമായി ലഭിക്കുന്നത്. ജോലിയിൽ കൃത്യമാണെന്നും ജയിൽ സൂപ്രണ്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
അസം സ്വദേശിയായ അമീറുൾ ഇസ്ലാം നാലാം ക്ലാസ് വരെയാണ് പഠിച്ചത്. 2013-ൽ കേരളത്തിൽ എത്തിയതു മുതൽ നിർമാണ മേഖലയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും സംസ്ഥാന സർക്കാർ മുഖേന സുപ്രീം കോടതിക്കു കൈമാറിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും വധശിക്ഷയ്ക്ക് എതിരേ അമീറുൾ ഇസ്ലാം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുക.