2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സർക്കാർ നയമല്ല . മറിച്ച് പാഠ്യ പദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.
സർക്കാർ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 8, 9, 10 ക്ലാസുകളിലും നിശ്ചിത ശേഷികൾ നേടാത്തവർക്കായി പ്രത്യേക പഠന പിന്തുണാ പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ഈ ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ല. കുട്ടികള തോല്പിക്കുക എന്നത് സർക്കാർനയമല്ല.എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേത്. ഒരു വിഭാഗം വിദ്യാർത്ഥികളെ അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
CONTENT HIGH LIGHTS; It is not Kerala government’s policy to make children fail in exams; Public Education Minister against central amendment