സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. കുന്നുകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഈ അരുവി ഒഴുകുന്നത്. അരുവിയുടെ ഒഴുക്കിന്റെ ശക്തിയില്‍ പാറക്കെട്ടുകളില്‍ പലയിടത്തായി ഗുഹകള്‍ രൂപപ്പെട്ടിരിക്കുന്നു. ഈ പാറക്കെട്ടുകള്‍ക്കുതാഴെ കാടാണ്. പാറക്കെട്ടുകളിലെ സാഹസിക നടത്തങ്ങള്‍ കഴിഞ്ഞ് കുന്നിറങ്ങിയാല്‍ കാട്ടിലുമാകാം അല്പം സാഹസികത. മുകളിലേയ്ക്ക് പോകുന്തോറും പച്ചപ്പ് കുറഞ്ഞ് പാറക്കെട്ടുകള്‍ നിറയുകയാണ്. പിന്നെ പാറക്കെട്ടുകള്‍ക്കിടയില്‍ ചില കുറ്റിച്ചെടികള്‍ മാത്രമേ പച്ചനിറത്തില്‍ കാണാനുള്ളു. ഈ ഭൂവൈവിധ്യമൊരുക്കുന്ന കാഴ്ചയും അന്തര്‍ഗംഗെയെ മനോഹരമാക്കുന്നു.
ട്രക്കിങ്ങില്‍ അല്പം സാഹസികതയാവാമെന്ന് കരുതുന്നുവര്‍ക്ക് പാറക്കെട്ടുകള്‍ എപ്പോഴും ആകര്‍ഷണങ്ങളാണ്. അന്തര്ഗംഗെയിലാണെങ്കില് ചുറ്റിലും പാറക്കെട്ടുകളുണ്ടുതാനും. നദിയൊഴുകിയുണ്ടാക്കിയ ചെറു ഗുഹകളാണെങ്കില് ചാടിക്കടക്കാനും നൂണ്ടിറങ്ങാനുമൊക്കെയുള്ള സാധ്യത നല്‍കുകയും ചെയ്യുന്നു. കുറച്ച് കൂടുതല്‍ സാഹസിക സ്വഭാവമുള്ളവര്‍ക്ക് കൂറ്റന്‍ പാറകളില്‍ പിടിച്ചുകയറി റോക്ക് ക്ലൈമ്പിങ് നടത്തുകയുമാകാം. കുത്തനെ പാറക്കെട്ടുകള്‍ കയറി മുകളിലേയ്ക്ക് നടന്നുകയറി ഒരു അടിപൊളി ട്രക്കിങും നടത്താം. പാറക്കെട്ടുകളില്‍ കയര്‍ എറിഞ്ഞുകുരുക്കി അതില്‍ പിടിച്ചുകയറിയുള്ള മലകയറ്റവും പരീക്ഷിക്കാം. അതായത് മലകയറ്റത്തിന്റെയും ട്രക്കിങ്ങിന്റെയും പലരൂപങ്ങള്ക്ക് അവസരമൊരുക്കുന്നുണ്ട് അന്തര്‍ഗംഗെ എന്ന് ചുരുക്കം. ഒരു മണിക്കൂര്‍ നടന്നാല്‍ കുന്നിന് മുകളില്‍ എത്താം. തിരിച്ചിറക്കവും നല്ല അനുഭവമാണ്.
അല്പം ആത്മീയത കൂടി ആഗ്രഹിക്കുന്നവര്‍ക്കും അന്തര്‍ഗംഗെയില്‍ അവസരങ്ങളുണ്ട്. ഒരിക്കലും വറ്റാത്ത നീരുറവും അതിനോടു ബന്ധപ്പെട്ടുള്ള ക്ഷേത്രവും കാണാന്‍ ഇവിടെയെത്തുന്നവരും കുറവല്ല. അമ്പലത്തിന്റെ ഭാഗമായുള്ള നന്ദികേശപ്രതിമയുടെ വായിലാണ് അരുവിചെന്നുവീഴുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും വെറും 68 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. റോഡുമാര്‍ഗ്ഗം സുഖമായി യാത്രചെയ്യാം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അന്തര്‍ഗംഗെയിലേയ്ക്കുള്ള യാത്ര തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും. ഒറ്റദിനയാത്രകള്ക്ക് പറ്റിയ സ്ഥലമാണ് അന്തര്‍ഗംഗെ, പ്രത്യേകിച്ചും ബാഗ്ലൂര് നഗരത്തില്‍ നിന്നും പോയിവരുകയാണെങ്കില്. മാളുകളിലെയും പാര്‍ക്കുകളിലെയും തിരക്കുകള്‍ മടുക്കുമ്പോള്‍ പ്രകൃതിയുടെ സ്വച്ഛതയിലേയ്ക്ക് ഒരു യാത്ര, അതാണ് ലക്ഷ്യമെങ്കില്‍ അന്തര്‍ഗംഗെ ഒരിയ്ക്കലും നിരാശപ്പെടുത്തില്ല.
STORY HIGHLIGHTS: Anthargange awaits you adventurers