പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര് ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ – ജന്തുവൈവിദ്ധ്യമാണ് ബി ആര് ഹില്‍സിന്റെ പ്രത്യേകത. മലമുകളിലെ രംഗനാഥസ്വാമി ക്ഷേത്രത്തില്‍നിന്നാണ് ബിലിഗിരി രംഗണ ഹില്‍സിന്ആ പേര് ലഭിച്ചതെന്നാണ് വിശ്വാസം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലയായ ചാമരാജ്പേട്ടിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബി ആര് ഹില്‍സ്.
ബി ആര് ഹില്‍സിന് മുകളിലെ രംഗസ്വാമി ക്ഷേത്രം ഇവിടത്തെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. വെളുത്ത നിറത്തില്‍ കാണപ്പെടുന്നത് കൊണ്ടാണ് ഈ കുന്നിനെ ബിലിഗിരി എന്ന് വിളിക്കുന്നത്. കന്നഡയില്‍ ബിലി എന്നാല്‍ വെളുപ്പ് എന്നാണ് അര്‍ത്ഥം. ശ്രീ രംഗനാഥ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സഖിയായ രംഗനായകിക്കൊപ്പമാണ് ഈ ക്ഷേത്രത്തില്‍ രംഗനാഥ സ്വാമി നിലകൊള്ളുന്നത്. ഏപ്രില്‍ മാസത്തിലെ ഇവിടത്തെ സവിശേഷ ഉത്സവത്തില്‍ പങ്കുകൊള്ളാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. വിവിധ സംസ്കാരങ്ങളുടെ സംഗമമായ ഈ ഉത്സവം കാണാനായി പ്രദേശവാസികള്‍ക്കൊപ്പം നല്ലൊരു ശതമാനം വിദേശികളും ഇവിടെയെത്തുന്നു.
ബിലിഗിരി രംഗസ്വാമി വന്യജീവി സങ്കേതം ഏകദേശം 539 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ബി ആര് ടി വന്യജീവിസങ്കേതം എന്നും ബി ആര് ഹില്‍സ് വന്യജീവിസങ്കേതം എന്നും ഇതിന് പേരുകളുണ്ട്. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തായി സമുദ്രനിരപ്പില്‍ നിന്നും 5091 അടി ഉയരത്തിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. ഇലകൊഴിയും മരങ്ങള്‍ മുതല്‍ നിത്യഹരിതവൃക്ഷങ്ങളടങ്ങിയ പ്രകൃതിയാണ് ഇവിടത്തെ സസ്യജാലങ്ങള്‍ക്ക് കാണാന്‍ കഴിയുക. തമിഴ്നാട്ടിലെ സത്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന സത്യമംഗലം വന്യജീവിസങ്കേതം വരെ നീണ്ടുകിടക്കുന്നു ബി ആര് വന്യജീവിസങ്കേതം. കാട്ടുപോത്ത്, വിവിധതരം മാനുകള്‍, കടുവ, പുള്ളിപ്പുലി, ചെന്നായ, ആന എന്നിങ്ങനെ വലിയൊരു ജന്തുവൈവിധ്യമുണ്ട് ബി ആര് വന്യജീവി സങ്കേതത്തില്‍. ഏതാണ്ട് ഇരുന്നൂറിലധികം പക്ഷിവര്‍ഗ്ഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും.
സാഹസിക യാത്രക്കാര്‍ക്ക് ആസ്വദിക്കാനുള്ള നിരവധി കാര്യങ്ങളുണ്ട് ബി ആര് ഹില്‍സില്‍. ട്രക്കിംഗിനും റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്. ചൂണ്ടയിടാനും ചങ്ങാടയാത്രയ്ക്കും, മീന്‍പിടിത്തക്കാര്‍ക്കും പേരുകേട്ടതാണ് കാവേരി, കപില നദികളൊഴുകുന്ന ബി ആര് ഹില്‍സ്. പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനും സാഹസികയാത്രയ്ക്കും ഒരുപോലെ പേരുകേട്ട ബി ആര് ഹില്‍സിലേക്ക് നിരവധി സഞ്ചാരികളാണ് വര്‍ഷം തോറും വന്നുചേരുന്നത്. രംഗനാഥ സ്വാമി ക്ഷേത്രമാണ് യാത്രയുടെ പ്രധാന ഉദ്ദേശമെങ്കില്‍ ഏപ്രില്‍ മാസത്തില്‍ യാത്രപോകുകയാവും ഉചിതം. എന്നാല്‍ വന്യമൃങ്ങളെ കാണുകയാണ് ലക്ഷ്യമെങ്കില്‍ മൃഗങ്ങള്‍ പുറത്തിറങ്ങി നടക്കാനിടയുള്ള ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാവും അഭികാമ്യം.
STORY HIGHLIGHTS: ranganathaswamy-temple-at-br-hills