കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മറ്റു പലരും യോഗ്യരാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായത് കൊണ്ടുമാണ് രമേശ് ചെന്നിത്തലയെ എൻഎസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും സമൂഹത്തെയും അംഗീകരിച്ചുകൊണ്ടാണ് എൻഎസ്എസ് മുന്നോട്ട് പോകുന്നത് എന്നും സുകുമാരൻ നായർ പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും തൻ്റെ ബന്ധുക്കളാണ്. എല്ലാവരോടും വളരെ അടുപ്പവുമുണ്ട്. തനിക്കും തൻ്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല. ഒരുകാലത്ത് രാഷ്ട്രീയമായി ചിന്തിച്ചിരുന്നു. പിന്നീടത് വിഡ്ഢിത്തരം ആയിരുന്നുവെന്നും പരാജയം ആയിരുന്നുവെന്നും ബോധ്യപ്പെട്ടു.
കോൺഗ്രസിനെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമർശത്തിന് അയാൾ തോന്നിയത് പറയുന്നുവെന്നും അതിൽ താൻ പ്രതികരിക്കാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എസ്എൻഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എൻഎസ്എസ് ശാന്തമായി മുന്നോട്ടു പോകുകയാണെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.