ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്ര മഹാസഭ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു രംഗത്ത്. സുരേഷ്ഗോപിയുടേത് തരം താണ സമീപനമാണ്. ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാൾ ആദിവാസി വകുപ്പ് ഭരിച്ചത്. ഇതിലും ഉന്നതർ ഇനി ഏതാണെന്ന് അറിയില്ല. ആദിവാസികൾ ആയിട്ടുള്ള ആരും ഇക്കാലമത്രയും ഇത്തരം വകുപ്പുകളിൽ ഇടപെട്ടിട്ടില്ല. അങ്ങിനെയൊരു ചരിത്രമേ ഉണ്ടായിട്ടില്ല. അവർ തന്നെയാണ് ഈ വകുപ്പുകളുടെ ഉന്നത ശ്രേണിയിലേക്ക് വരേണ്ടത്. അങ്ങനെയെങ്കിൽ മാത്രമേ ആദിവാസികൾക്ക് പ്രയോജനകരമാകൂ. ഒരു തരത്തിലും കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്രകാലം ഈ വകുപ്പുകൾ ഇവർ കൈകാര്യം ചെയ്തിട്ടും ആദിവാസികളുടെ അവസ്ഥ എന്താണ്? വംശ ഹത്യയെ നേരിടുന്ന സ്ഥിതിയാണുള്ളത്. ആദിവാസികളെ പൂർണമായും ഇല്ലായ്മ ചെയ്യലാണോ ലക്ഷ്യം- എന്നും സികെ ജാനു ചോദിച്ചു.
ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.