മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ശബ്ദസന്ദേശം പുറത്ത്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചാക്കോയുടെ വിമര്‍ശനം. മാറ്റം ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറിക്കുകൊള്ളുന്നതുപോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്തുനോക്കി സംസാരിച്ചാല്‍ വലിയ പബ്ലിസിറ്റി കിട്ടിയേനേ. അതിനപ്പുറത്തേക്ക് പറയാമായിരുന്നെങ്കിലും താന്‍ ഒന്നും പറഞ്ഞില്ലെന്ന് ചാക്കോ പറയുന്നു. ജനുവരി 27ന് തിരുവനന്തപുരത്ത് ചേർന്ന എൻസിപി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതൃപ്തി പി സി ചാക്കോ പരസ്യമാക്കിയത്.
ഓഡിയോയിൽ പറയുന്നത് ഇങ്ങനെ:
മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചത്. നിങ്ങള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം ആണെന്ന് മറുപടി നൽകി, പാര്‍ട്ടിയുടെ തീരുമാനമാണെന്നും അങ്ങ് അത് നടപ്പാക്കണമെന്നും പറഞ്ഞു. അതിനപ്പുറത്തേക്ക് ഞാൻ പറഞ്ഞില്ല. പലതും പറയാമായിരുന്നു. ജനാധിപത്യ കീഴ്വഴക്കങ്ങൾ എന്താണ്? ഘടകകക്ഷികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നൊക്കെ എനിക്ക് പറയാൻ അറിയാം. പത്രസമ്മേളനത്തിലും എൽഡിഎഫ് യോഗത്തിലും ഇതു പറയാം. നല്ല പബ്ലിസിറ്റി കിട്ടും. കുറിക്കുകൊള്ളുന്നതുപോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാം. അല്ലെങ്കിൽ കൊള്ളുന്നതുപോലെ അമ്പുകൾ എയ്തുവിടാം.
അതേസമയം, ഓഡിയോ പുറത്തുവന്നതിൽ പി.സി. ചാക്കോയോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. മന്ത്രിമാറ്റം വേണമെന്നാണ് പി.സി. ചാക്കോ വിഭാഗത്തിന്റെ നിലപാട്.