ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. ഏതു കാര്യത്തിലും ജാതി നോക്കി പ്രതികരിക്കുന്നതാണ് ഇന്ത്യയുടെ ശാപം. ജനങ്ങളെ ജാതിപരവും വർഗീയപരവുമായി ചിന്തിക്കാൻ കേന്ദ്രമന്ത്രിമാർ തന്നെ അവസരം ഉണ്ടാക്കുന്നുവെന്നും പിഎംഎ സലാം വിമർശിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിലാണോ മന്ത്രിമാരെ നിശ്ചയിക്കേണ്ടത് ?. പൊതുകാര്യങ്ങളിൽ ജാതിയും മതവും നോക്കി മന്ത്രിമാരെ നിശ്ചയിക്കണമെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? രാജ്യത്തിൻറെ വികാരം മനസ്സിലാക്കാതെയുള്ള പ്രതികരണം അപമാനകരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പദത്തിൽ മുസ്ലീം ലീഗിന് അവകാശവാദമില്ല. ഇതുവരെ ആവശ്യം മുന്നോട്ടുവച്ചിട്ടില്ല. വയ്ക്കണമെന്ന് ആലോചിച്ചിട്ടില്ല. യുഡിഎഫിൽ തീരുമാനമെടുക്കുന്നത് ഒറ്റക്കെട്ടായി. സംസ്ഥാനത്തിന്റെ താൽപര്യത്തിന് ഗുണകരമായ തീരുമാനമെടുക്കും യുഡിഎഫിൽ അഭിപ്രായ വ്യത്യാസമുണ്ടാകില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. യുഡിഎഫിൽ അവകാശ തർക്കങ്ങൾ ഇല്ല. മുഖ്യമന്ത്രി ചർച്ച നടക്കുന്നത് ജനങ്ങൾ യുഡിഎഫിൻ്റെ കൂടെയാണെന്ന് തികഞ്ഞ ആത്മവിശ്വാസം ഉള്ളത് കൊണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.
നിരവധിപ്പേരാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തുന്നത്. ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.