67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയാണ് പുരസ്കാര വേദി. കാട്ടുതീ ദുരിതം ബാധിതരെ അനുസ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. മികച്ച കണ്ട്രി ആല്‍ബം നേടുന്ന ആദ്യ കറുത്ത വംശയയായി ബിയോണ്‍സേ തിരഞ്ഞെടുക്കപ്പെട്ടു. കൗബോയ് കാര്‍ട്ടര്‍ എന്ന ആല്‍ബത്തിനാണ് പുരസ്കാരം.
ഇതോടെ 50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ബിയോണ്‍സേ മാറി. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോണ്‍സേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോണ്‍സേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോണ്‍സേ ഇതുവരെ നേടിയിട്ടുള്ളത്.
മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം ഡോച്ചി സ്വന്തമാക്കി. ‘അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ’ എന്ന ആൽബത്തിനാണ് ഡോച്ചിയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോച്ചി. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുളള പുരസ്കാരം ‘ഷോര്‍ട്ട് ആന്റ് സ്വീറ്റ്’ എന്ന ആല്‍ബത്തിലൂടെ സബ്രീന കാര്‍പെന്റര്‍ നേടി.
ഈ പരിപാടിയിലൂടെ 12 ഫീൽഡുകളിലും 94 വിഭാഗങ്ങളിലുമായി സംഗീതത്തിലെ ഏറ്റവും മികച്ചവരെയാണ് ആദരിക്കുന്നത്.