ഹോട്ടലുകൾ നൽകുന്ന ഗുണനിലവാരവും സേവനങ്ങളും അനുസരിച്ചാണ് സ്റ്റാർ റേറ്റിംഗുകൾ നൽകുന്നത്. നമ്മളില്‍ ഭൂരിഭാഗം പേരും 3 സ്റ്റാർ, 5 സ്റ്റാർ, 7 സ്റ്റാർ ഹോട്ടലുകളിലൊക്കെ താമസിച്ചിട്ടുണ്ടാകും. എന്നാൽ 10 സ്റ്റാർ ഹോട്ടൽ എന്ന് കേട്ടിട്ടുണ്ടോ. ലോകത്തിലെ ഒരേയൊരു 10 സ്റ്റാർ ഹോട്ടൽ അങ്ങ് ദുബായിലാണ്. ദുബായിയുടെ ഹൃദയാഭാഗത്ത് സ്ഥിതി ചെയ്യുന്ന ബുർജ് അൽ അറബാണ് ലോകത്തിലെ ഒരേയൊരു 10 സ്റ്റാർ ഹോട്ടൽ. ഒരു കൃത്രിമ ദ്വീപിലാണ് ഈ അത്യാഡംബര ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ആഡംബരത്തിന്റെ പര്യായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുമൈറ ഹോട്ടല്‍ ചെയിനാണ് ഈ ഹോട്ടൽ കൈകാര്യം ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിൽ ഒന്നുകൂടിയാണ് ബുർജ് അൽ അറബ്.
സമുദ്ര നിരപ്പിൽ നിന്ന് 656 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹോട്ടലിൻ്റെ ഉയരത്തിൻ്റെ 39 ശതമാനവും വാസയോഗ്യമല്ല. അതിന് കാരണം കൃത്യമായും ഇന്നും അറിയില്ല. വാസ്തുശില്പിയായ ടോം റൈറ്റാണ് ബുർജ് അൽ അറബ് രൂപകല്പന ചെയ്തത്. 1999ലാണ് ബുർ അൽ അറബ് ലോകത്തിന് സമർപ്പിച്ചത്. ബുർജ് അൽ അറബിൽ ഒരു രാത്രി താമസിക്കുന്നതിനായി 10 ലക്ഷം വരെ ഈടാക്കുന്നതായിട്ടാണ് റിപ്പോർട്ട്. കൃത്രിമ ദ്വീപില്‍ ഒരു കപ്പലിന്റെ രൂപത്തിലാണ് ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹോട്ടലിൽ താമസിക്കാൻ എത്തുന്നവർക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. ഹോട്ടലിൽ എത്തുന്നവർക്ക് ആഡംബരത്തിന്റെ പ്രതീകമായ ഹെലികോപ്റ്റർ വഴിയോ റോൾസ്റോയ്സ് വഴിയോ പ്രവേശനം ഗംഭീരമാക്കാൻ അവസരമുണ്ട്. ഹോട്ടലിൻ്റെ സ്യൂട്ടുകളിൽ ഫ്ളോർ ടു സീലിംഗ് വിൻഡോകൾ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അറേബ്യൻ ഗൾഫിൻ്റെ അതിമനോഹരമായ പനോരമിക് കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കും. എട്ട് റെസ്റ്റോറന്റുകൾ, ഒരു സ്പാ, സീ ഫേയ്സിംഗ് റൂമുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ബുർജ് അൽ അറബ് ജുമൈറ. റൂഫ്ടോപ്പ് ബാർ, രണ്ട് നീന്തൽക്കുളങ്ങൾ, 32 ഗ്രാൻഡ് കബാനകൾ, ഒരു എക്സ്ക്ലൂസീവ് റെസ്റ്റോറന്റ് എന്നിവ ഹോട്ടലിന്റെ ആകർഷണീയത വർധിപ്പിക്കുന്നു.
അതിഥികൾക്ക് ഒരു സ്വകാര്യ ബീച്ച്, ഇൻഫിനിറ്റി പൂളുകൾ, ഗോൾഡ് ഫേഷ്യൽ, ഡയമണ്ട് മസാജുകൾ, സ്പാ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആസ്വദിക്കാനാകും. ഹോട്ടലിൻ്റെ സ്റ്റാഫ്-അതിഥി അനുപാതം 8:1 ആണ്, ഓരോ അതിഥിക്കും ഉയർന്ന തലത്തിലുള്ള ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. വിശ്രമത്തിനായി ബുർജ് അൽ അറബ് ടെറസിൽ 10,000 ചതുരശ്ര മീറ്റർ ഔട്ട്ഡോർ സ്പേസും ഉണ്ട്.
STORY HIGHLIGHTS : what-is-the-costs-to-spend-a-night-at-the-worlds-only-10-star-hotel