ഇറാനെന്ന ഇസ്ലാമിക് രാഷ്ട്രത്തെ അമേരിക്കയും ഇസ്രയേലും വല്ലാതെ ഭയക്കുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭയപ്പാടോടു കൂടിയുള്ള നിലവിളി പ്രഖ്യാപനം. തന്നെ ഇറാന് വധിച്ചാല്‍ അവരെ ഇല്ലാതാക്കാന്‍ തന്റെ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ ‘ അവര്‍ അങ്ങനെ ചെയ്താല്‍ അവരെ ഇല്ലാതാക്കും,’ഞാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്,
അവ ഇല്ലാതാക്കപ്പെടും, ഒന്നും അവശേഷിക്കില്ല. ട്രംപ് കൊല്ലപ്പെട്ടാല്‍, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രസിഡന്റാകും, മുന്‍ഗാമി നല്കിയ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കേണ്ടതില്ല.’ ഇറാനില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തില്‍ പറഞ്ഞു. ഇതൊരു ഭയപ്പാടിന്റെ വെളിപാടാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ഇപ്പോള്‍ അമേരിക്കയിലാണ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയാണ്. കൂടിക്കാഴ്ചയുടെ ഫലമായി പുറത്തു വരുന്ന വാര്‍ത്തകള്‍ ഗസയ്ക്കും പാലസ്തീന് ജനതയക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഉറപ്പായിരിക്കുകയാണ്. കാരമഷം അമേരിക്ക ഗസയെ ഏറ്റെടുക്കാന്‍ പോകുന്നുവെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ‘ യുദ്ധത്താല്‍ തകര്‍ന്ന പലസ്തീന് പ്രദേശമായ ഗാസ മുനമ്പ് ഏറ്റെടുക്കുമെന്നും ‘അത് വികസിപ്പിക്കുമെന്നും’ ‘സ്വന്തമാക്കുമെന്നും’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍,
ഗാസയുടെ ‘ദീര്‍ഘകാല യു.എസ് ഉടമസ്ഥത’ താന്‍ കാണുന്നുവെന്ന് പ്രസിഡന്റ് ഉറപ്പിച്ചു പറഞ്ഞു. ട്രംപിനൊപ്പം സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ ആശയം ‘ചരിത്രം മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്നാണ്’ എന്നും ട്രംപ് ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു’.ഇസ്രായേലും പലസ്തീന് തീവ്രവാദ ഗ്രൂപ്പായ ഹമാസും 2023 ഒക്ടോബര്‍ മുതല്‍ അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ വരെ ഗാസയില്‍ രക്തരൂക്ഷിതമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇസ്രായേല്‍ ബോംബാക്രമണം സ്ട്രിപ്പിലെ മിക്കവാറും എല്ലാ ഘടനകളെയും നശിപ്പിച്ചു, ഇത് വാസയോഗ്യമല്ലാതാക്കുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ഗസയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. തന്റെ വികസന പദ്ധതിക്ക് ശേഷം ലോകമെമ്പാടുമുള്ള ആളുകള്‍ ഗാസയില്‍ താമസിക്കുന്നത് താന്‍ സങ്കല്പ്പിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, ഭാവിയില്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയില്‍ ഗാസ, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അത് എപ്പോഴാണെന്നുള്ള സമയം മാത്രം അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ഇറാനുമായുള്ള തുറന്ന യുദ്ധത്തിന്റെ നയം വ്യക്തമായിരിക്കുകയാണ്. ട്രംപിനെ ഇറാന് ഭരണകൂടം വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടുകളും, മുന്‍കാല അനുഭവങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇറാനെതിരേ പരസ്യമായി കൊലവിളി പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് വ്യക്തം. ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാനിയന്‍ ഭീഷണികള്‍ ഫെഡറല്‍ അധികാരികള്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചു വരികയാണ്.
ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന ഖാസിം സുലൈമാനിയെ 2020ല്‍ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടു. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിയില്‍ ട്രംപിന് വെടിയേറ്റതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്നുള്ള ഒരു ഭീഷണി ഉണ്ടായിരുന്നു.
തുടര്‍ന്ന് ട്രംപിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ആ കൊലപാതക ശ്രമവുമായി ഇറാന് ബന്ധമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അന്നത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ കൊല്ലാനുള്ള ഇറാനിയന്‍ ഗൂഢാലോചന പരാജയപ്പെടുത്തിയതായി കഴിഞ്ഞ നവംബറില്‍ നീതിന്യായ വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിനെ നിരീക്ഷിക്കുന്നതിലും ഒടുവില്‍ വധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സെപ്റ്റംബറില്‍ 51 കാരനായ ഫര്‍ഹാദ് ഷാക്കേരിയോട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി വകുപ്പ് ആരോപിച്ചു. ഇറാനില്‍ ഷാക്കേരി ഇപ്പോഴും ഒളിവിലാണ്. അന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപണം തള്ളിയിരുന്നു.
ഇറാനിലെ പാരാമിലിറ്ററി റെവല്യൂഷണറി ഗാര്‍ഡിലെ ഒരു കോണ്ടാക്റ്റ് കഴിഞ്ഞ സെപ്റ്റംബറില്‍ താന്‍ ചെയ്യുന്ന മറ്റ് ജോലികള്‍ മാറ്റിവെച്ച് ഏഴ് ദിവസത്തിനുള്ളില്‍ ട്രംപിനെ നിരീക്ഷിച്ച് കൊല്ലാന്‍ ഒരു പദ്ധതി തയ്യാറാക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചതായി ഇറാനില്‍ താമസിക്കുന്ന അഫ്ഗാന് പൗരനായ ഷാക്കേരി എഫ്.ബി.ഐയോട് പറഞ്ഞതായി മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തിയ ക്രിമിനല്‍ പരാതിയില്‍ പറയുന്നു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചതിന് ശേഷം ഇറാനില്‍ നിന്ന് ഭീഷണി നേരിട്ട മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്കും അദ്ദേഹത്തിന്റെ ഉന്നത സഹായി ബ്രയാന്‍ ഹുക്കിനും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടണിനും സര്‍ക്കാര്‍ സുരക്ഷാ ട്രംപ് അടുത്തിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇറാന്റെ ആണവായുധ ശക്തിയെയും റഷ്യ ചൈന കൊറിയ സംയുക്ത സംഖ്യത്തെയുമാണ് അമേരിക്ക ഭയക്കുന്നതെന്ന് വ്യക്തം.
എന്തും ചെയ്യാന്‍ ഇറാന് കെല്‍പ്പുണ്ടെന്ന് മനസ്സിലാക്കാന്‍ പാകത്തിനുള്ള ചെറു വീഡിയോ ഇറാന് സൈന്യം പുറത്തു വിട്ടിരുന്നു. ഭൂഗര്‍ഭ നിലയത്തിലെ ആ വീഡിയോ അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. ഇസ്രയേലും ഈ ഭയത്തിന്റെ പിടിയിലാണ്. അതേസമയം, ഗാസയെ അമേരിക്ക സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്ത് എത്തിക്കഴിഞ്ഞു. ട്രംപിന്റേത് ഗസ്സയില്‍ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഈ നീക്കം നടപ്പാക്കാന്‍ ഗസ്സയിലെ ജനത അനുവദിക്കില്ലെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല. ഗസ്സന്‍ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്. അവരെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല’ -ഹമാസ് വ്യക്തമാക്കുന്നു. ഗസ്സയെ അമേരിക്ക സ്വന്തമാക്കുകയും അവശിഷ്ടങ്ങള്‍ നീക്കി സ്ഥലം നിരപ്പാക്കുകയും ചെയ്യുമെന്നാണ് അമേരിക്ക സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബിന്യമിന് നെതന്യാഹുവിനൊപ്പം
വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ‘ഗാസാ മുനമ്പ് യു.എസ് ഏറ്റെടുക്കും, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും’ എന്ന് പറഞ്ഞ ട്രംപ് ഗസ്സക്കാര്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും അവരെ ജോര്‍ഡനും ഈജിപ്തും ഏറ്റെടുക്കണമെന്നുമുള്ള തന്റെ മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ”ഞങ്ങള്‍ ഗസ്സ സ്വന്തമാക്കും. സ്ഥലത്തെ എല്ലാ അപകടകരമായ പൊട്ടാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നീക്കും. സ്ഥലം നിരപ്പാക്കുന്നതിനും തകര്‍ന്ന കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കും.
പ്രദേശത്തെ ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നിര്‍മിച്ചു നല്കുന്ന സാമ്പത്തിക വികസനം യുഎസ് സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍ നിന്ന് പലസ്തീന് ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എല്ലാ പലസ്തീനികളെയും മാറ്റിപ്പാര്‍പ്പിച്ചാല്‍ ഗസ്സയില്‍ ആരൊക്കെ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, ”ലോകത്തിലെ ഏത് രാജ്യത്തുള്ള ജനങ്ങള്‍ക്കും ഗസ്സയില്‍ താമസിക്കാന്‍ കഴിയുമെന്ന് താന്‍ സങ്കല്‍പ്പിക്കുന്നു” എന്നായിരുന്നു ട്രംപിന്റെ മറുപടി.
”ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, അവര്‍ അവിടെ താമസിക്കും. പലസ്തീനികളും അവിടെ താമസിക്കും. നിരവധി ആളുകള്‍ അവിടെ താമസിക്കും. പലസ്തീനികളെ അയല്‍ രാജ്യങ്ങളിലേക്ക് മാറ്റിയാല്‍ അവര്‍ക്ക് സമാധാനത്തോടെ മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിയും. അവര്‍ ഇപ്പോള്‍ നരകത്തിലാണ് ജീവിക്കുന്നത്. ആ ആളുകള്‍ക്ക് അവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയും.
‘ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്ഡന് തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ സ്വീകരിക്കണം. അടുത്താഴ്ച ജോര്ഡന് രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കെതിരേ ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ വെല്ലുവിളി കൂടിയായി മാറുകയാണ് ഗസയിലെ അധിനിവേശവും ഇസ്രയേല്‍ അമേരിക്കന്‍ കൂട്ടുകെട്ടും. ലോക ശക്തികളുടെ പരസ്പര പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഇനിയും അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് അണേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നത്.
CONTENT HIGH LIGHTS; America is afraid of Iran: Donald Trump with a shocking thought in his sleep; Netanyahu and Trump are busy plotting to acquire Gaza