മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന് തിയേറ്ററുകളിലേക്കെത്തുകയാണ്. മാര്‍ച്ച് 27-നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടി അടക്കം വമ്പന്‍ താരനിര അണിനിരന്ന എമ്പുരാന്റെ ടീസര്‍ റിലീസും വലിയ ചര്‍ച്ചയായിരുന്നു.
ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം ആരെയാകും നായകനാക്കുക എന്ന ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ റിലീസ് പ്രൊമോഷനുകളുടെ ഭാഗമായി ദേശീയ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ് ഈ ദിവസങ്ങളില്‍ പൃഥ്വിരാജ്. ഫില്‍മിബീറ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തെ തേടി ഈ ചോദ്യം എത്തിയത്. ഒട്ടും ആലോചിക്കാതെ ഉടന്‍ പൃഥ്വിയുടെ മറുപടിയും എത്തി. ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താല്‍ നായക വേഷത്തിലേക്ക് ഏറ്റവും യോജ്യനായ നടന് ഷാരൂഖ് ഖാന് ആണെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ഒരു ഷാരൂഖ് ഖാന് ചിത്രം സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ ഏറ്റവും ഇഷ്ടപ്പെട്ട നടന് ഷാരൂഖ് ഖാന് ആയിരിക്കുമെന്ന് അവതാരക ചോദിച്ചു. എന്നാല്‍ ഹിന്ദിയില്‍ ഏറ്റവവും ഇഷ്ടപ്പെട്ട നടന് അമിതാഭ് ബച്ചന് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ടീസര്‍ കണ്ടിട്ടുള്ള ആളുകളുടെ പ്രതീക്ഷയെല്ലാം മാര്‍ച്ച് 27-ാം തീയതി സഫലമാകട്ടെയെന്നും പൃഥ്വി പറഞ്ഞു. 2019-ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറു വര്‍ഷത്തോളം സമയമെടുത്തതിനു പിന്നില്‍ കോവിഡ് മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന് താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020-ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടംമറിയുന്നതെന്നും പൃഥ്വി വ്യക്തമാക്കി.
2019-ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എമ്പുരാന് അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാമെന്നുമാത്രമാണ് താരം കൂട്ടിച്ചേര്‍ത്തത്.
അതേസമയം ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന് മോഹന്‍ലാലാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ”ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന് മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തെയാണ്.” – പൃഥ്വി പറഞ്ഞു.