ചപ്പാത്തി ഉണ്ടാക്കുന്നതിന്റെ തയ്യാറെടുപ്പിലാണോ നിങ്ങൾ? ചപ്പാത്തിക്കൊപ്പം കൂട്ടാൻ കറി എന്താണ്? കറിയെന്തുവെക്കുമെന്ന ചിന്തയിലാണെങ്കിൽ ഒരു അടിപൊളി കിഴങ്ങ് സ്റ്റൂ ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – 1/2 കിലോഗ്രാം
സവാള – 1 എണ്ണം
തേങ്ങാപ്പാൽ – 1 തേങ്ങയുടെ കട്ടിപ്പാൽ
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 3 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലി കളഞ്ഞു കനം കുറച്ച് മുറിച്ച് എടുക്കണം. അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് കൊടുക്കാം. ഇനി ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിന്റെ ഒപ്പം തന്നെ പച്ചമുളക് സവാളയും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ഇനി കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർക്കണം. ഇനി ഇത് വെന്ത് വെള്ളം മുഴുവൻ വറ്റിക്കഴിയുമ്പോൾ അതിലേക്കു നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇപ്പോൾ കറിവേപ്പില കൂടി ചേർക്കാം. ശേഷം നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് സ്റ്റൂറെഡി.